വള്ളികുന്നം: കാറ്റിലും മഴയിലും മരം കടപുഴകി വീണു തകർന്ന വീട്ടിൽ നിന്ന് വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വള്ളികുന്നം താളിരാടി പാലത്തിനു കിഴക്കതിൽ ലൈലാബീവിയുടെ (53) വീടാണ് തകർന്നത്. രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള ആഞ്ഞിലിയാണ് കടപുഴകി വീണത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ മേൽക്കൂര തകരുന്നതു കണ്ട് ലൈലാബീവി ഓട‌ി രക്ഷപ്പെടുകയായിരുന്നു. മേൽക്കൂര പൂർണ്ണമായും തകരുകയും ഭിത്തികൾ വിണ്ടു കീറുകയും ചെയ്തു. വീട്ടുപകരണങ്ങൾക്കും കേടുപാടും സംഭവിച്ചിട്ടുണ്ട്.