ചാരുംമൂട്: തോരാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ താമരക്കുളം ഗ്രാമപഞ്ചായത്തിലെ ചത്തിയറ ഗവ എൽ.പി.എസ്, ചത്തിയറ വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നടീൽവയലിൽ വെള്ളം കയറിയ 14 വീട്ടുകാരെ ക്യാമ്പിലേക്ക് മാറ്റി. നിയുക്ത എം.എൽ.എ എം.എസ് അരുൺകുമാർ വീടുകൾ സന്ദർശിച്ചു. ശക്തമായ മഴയിൽ കിഴക്കേ മുറിയിൽ ഒരു വീട് തകർന്നു.
നടീൽവയൽ പ്രദേശത്ത് 13-16 വാർഡുകളിലെ താമസക്കാരായ 14 വീട്ടുകാരെയാണ് ഇന്നലെ വൈകിട്ട് ക്യാമ്പുകളിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലാണ് ഇവരുടെ വീടുകളിൽ വെള്ളം കയറിയത്. താഴ്ന്ന പ്രദേശമായ ഇവിടെ എല്ലാ വർഷവും മഴ വല്ലാത്ത ദുരിതമാണ് ഉണ്ടാക്കുന്നത്.
ഇതുവഴിയുള്ള തോട് കരകവിഞ്ഞൊഴുകുന്നതും പാടത്ത് വെള്ളം ഉയരുന്നതുമാണ് വീടുകളിൽ വെള്ളം കയറാൻ കാരണം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, പഞ്ചായത്തംഗം പി.ബി. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയത്.
മെഡിക്കൽ ഓഫീസർ ഡോ.എൽവിൻ ജോസിന്റെ നേതൃത്വത്തിൽ ഇവർക്ക് കൊവിഡ് പരിശോധന നടത്തി. ഓരോ കുടുംബത്തെയും ഓരോ ക്ലാസ് മുറികളിൽ താമസിപ്പിക്കാനാണ് തീരുമാനം.
താമരക്കുളം കിഴക്കേമുറി പച്ചക്കാട് സായി ഭവനം അനിതയുടെ വീടിന്റെ ഒരു ഭാഗം മഴയിൽ തകർന്നു വീണു. വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറ്റി.
താഴ്ന്ന പ്രദേശങ്ങളിലെ വാഴ, ചേമ്പ്, ചേന, പയർ, പച്ചക്കറികൾ തുടങ്ങിയ കൃഷികളും വെള്ളത്തിനടയിലായി. പാലമേൽ ഗ്രാമ പഞ്ചായത്തിൽ 3 വീടുകൾ തകർന്നു. പണയിൽ ഫാക്ടറി വാർഡിൽ വടക്കേക്കര വടക്കതിൽ രഘു, പള്ളിക്കൽ അങ്കിതാ ഭവനം അംബിക, കാവുംപാട് വൃന്ദാവനിൽ സതീഷ് കുമാർ എന്നിവരുടെ വീട്ടുകളാണ് ഇന്ന
ലെ മഴയിൽ തകർന്നത്.
#കൃഷിനാശം
ചാരുംമൂട് : പാലമേൽ - നൂറനാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കരിങ്ങാലച്ചാൽ, പെരുവേലിച്ചാൽ പുഞ്ചകളിലെ ഏക്കറുകണക്കിന് നെൽകൃഷി നശിച്ചു.
ഇവിടെ ദിവസങ്ങളായി കൊയ്ത്ത് നടക്കുകയായിരുന്നു. കൊയ്യാൻ ശേഷിച്ചിരുന്ന പാടങ്ങളിലെ നെൽച്ചെടികളാണ് വെള്ളത്തിനടിയിലായത്.
മഴയെ അവഗണിച്ച് ചെറിയ വള്ളങ്ങളിൽ പോയി നാട്ടുകാരായ യുവാക്കളുടെ കൂടി സഹായത്തോടെ കുറെയൊക്കെ കൊയ്തെടുക്കാൻ കഴിഞ്ഞെങ്കിലും വലിയ നഷ്ടമാണുണ്ടായതെന്ന് കർഷകർ പറഞ്ഞു.