മുതുകുളം: ആറാട്ടുപുഴ മഖ6ലയിൽ വലിയഴീക്കൽ മുതൽ മംഗലം വരെ കടലേറ്റം രൂക്ഷം. മംഗലം, രാമഞ്ചേരി, പെരുമ്പള്ളി മേഖലകളിൽ തിരമാലകൾ തീരദേശറോഡും കവിഞ്ഞ് എത്തുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്. കടൽഭിത്തിയുടെ അപര്യാപ്തതയും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടെട്രാപോഡ് നിർമ്മാണം പൂർത്തിയാകാത്തതുമാണ് കടലേറ്റത്തിന് കാരണം. ഈ ഭാഗങ്ങളിൽ നിരവധി വീടുകളിലും വെള്ളം കയറി. ദുരിത ബാധിത മേഖലകൾ നിയുക്ത എം.എൽ.എ രമേശ് ചെന്നിത്തല സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് ഒപ്പമുണ്ടായിരുന്നു. ആറാട്ടുപുഴ, തൃക്കുന്നപുഴ പ്രദേശങ്ങളിൽ 83 കോടി ചെലവഴിച്ചു നടത്തിവരുന്ന കടൽഭിത്തി നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് കളക്ടറോട് എം.എൽ.എ അവശ്യപ്പെട്ടു.