മാവേലിക്കര: നഗരസഭയ്ക്ക് ആംബുലൻസും മൊബൈൽ ഗ്യാസ് ക്രിമറ്റോറിയവും നൽകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ നഗരസഭയിലെത്തിയ കൊടിക്കുന്നിൽ സുരേഷുമായി നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷരായ അനി വർഗീസ്, ശാന്തി അജയൻ, കൗൺസിലർ കെ.ഗോപൻ, സെക്രട്ടറി എ.എം.മുംതാസ് എന്നിവർ നടത്തിയ ചർച്ചയിലാണ് ആംബുലൻസും മൊബൈൽ ഗ്യാസ് ക്രിമറ്റോറിയവും നൽകാൻ തീരുമാനമായത്.
ജില്ലാ ആശുപത്രിയുടെ ഭരണ ചുമതല ജില്ലാ പഞ്ചായത്തിനായതിനാൽ കൊവിഡ് കാലത്തുപോലും നഗരസഭയ്ക്ക് പരിമിതികളുണ്ടെന്ന് നഗരസഭ പ്രതിനിധികൾ എം.പിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെന്റിലേറ്റർ സൗകര്യമുള്ള ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ആംബുലൻസ് നൽകാൻ ധാരണയായത്. സ്വന്തമായി സ്ഥലമില്ലാത്തവരും പരിമിതമായ സാഹചര്യങ്ങളിലുമുള്ള കുടുംബങ്ങളിൽ മരണാനന്തര ചടങ്ങുകൾ നടത്താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് മൊബൈൽ ഗ്യാസ് ക്രിമറ്റോറിയം അനുവദിക്കുന്നതെന്നു എം.പി പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രമേശ് ഉപ്പാൻസും എം.പിയോടൊപ്പമുണ്ടായിരുന്നു.