ആലപ്പുഴ: കാറ്റിലും മഴയിലും മരം വീണ് വൈദ്യുത കമ്പികൾ പൊട്ടിയതോടെ ആലപ്പുഴ നഗരത്തിൽ പലേടങ്ങളും വെള്ളത്തിലായി. ചിലയിടങ്ങളിൽ വെള്ളിയാഴ്ച ഉച്ചയോടെ മുടങ്ങിയ വൈദ്യുതി ഇന്നലെയും പുനസ്ഥാപിക്കുവാൻ കഴിഞ്ഞില്ല.

ടൗൺ സെക്ഷനിലെ കൈചൂണ്ടി,കളരിക്കൽ,മാമ്മൂട് എന്നീ ഭാഗങ്ങളിൽ കടപുഴകി വീണ മരങ്ങൾ മുറിച്ച് മാറ്റുന്നതേയുള്ളൂ. ഇന്ന് വൈദ്യുതി തകരാർ പരിഹരിക്കുമെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ അറിയിപ്പ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കേബിൾ വിതരണ ശൃംഖലകളും ഇന്റർനെറ്റ് സംവിധാനവും അവതാളത്തിലായി. വൈദ്യുതി ബന്ധമില്ലാത്തത് കുടിവെള്ള വിതരണമുൾപ്പെടെയുള്ള സേവനങ്ങൾ മുടക്കിയതും തിരിച്ചടിയായി.