മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു
ചേർത്തല: കടൽക്ഷോഭം നാശം വിതച്ച ഒറ്റമശേരിയിലും തിരുവിഴയിലും ചേന്നവേലിയിലും ശക്തികുറഞ്ഞെങ്കിലും കടൽകയറ്റം തുടരുകയാണ്. വേലിയേറ്റ സമയത്ത് അടക്കം വെള്ളം കയറുന്നത് രൂക്ഷമായി തുടരുകയാണ്. കായലോര മേഖലകളിലുൾപ്പെടെ 1500 ഓളം വീടുകൾ വെള്ളത്തിലായി. 32 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. കടക്കരപ്പള്ളിയിലും മാരാരിക്കുളം വടക്കിലുമായി ഒരുക്കിയ ക്യാമ്പുകളിലും ചേർത്തലതെക്ക് അംബേദ്കർ കോളനിയിലെ ഒമ്പതു കുടുംബങ്ങളെയും അടക്കം 78 അംഗങ്ങളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തങ്കി സെന്റ് ജോർജ്ജ്,അർത്തുങ്കൽ സെന്റ് ഫ്രാൻസിസ്, ചേന്നവേലി സെന്റ് തോമസ് സ്‌കൂളുകളിലും ചേർത്തലതെക്ക് അംബേദ്കർ കോളനിയിലെ കമ്മ്യൂണിറ്റി ഹാളിലുമാണ് കൊവിഡ് മാനദണ്ഡ പ്രകാരം ക്യാമ്പുകൾ തുറന്നിരിക്കുന്നത്.
ഒറ്റമശേരിയിൽ അഞ്ചുവീടുകൾക്കാണ് കടലാക്രമണത്തിൽ സാരമായ നാശനഷ്ടങ്ങളുണ്ടായത്.രണ്ടു വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്.കുരിശിങ്കൽ യേശുദാസ്,പുത്തൻപുരക്കൽ ചാൾസ് എന്നിവരുടെ വീടുകളാണ് പൂർണമായി തകർന്നത്. മറ്റുമൂന്നു വീടുകൾ ഇനി വാസയോഗ്യമല്ലെന്നാണ് റവന്യു വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ചേർത്തല തെക്കിലെ തിരുവിഴ മച്ചിമുക്കിൽ മൂന്നു വീടുകൾക്ക് നാശമുണ്ടായി. ചേന്നവേലിയിൽ ഒരു വീടിനും.
കടലാക്രമണം നേരിടുന്നതിന് മണൽചാക്കുകളടുക്കാൻ തീരദേശത്തെ അഞ്ച് പഞ്ചായത്തുകൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിട്ടി പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്. നിയുക്ത എം.എൽ.എ പി. പ്രസാദിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ക്യാമ്പുകളും ദുരന്തബാധിത പ്രദേശങ്ങളും സന്ദർശിച്ചു. ഇതിനൊപ്പം തോരാമഴയിൽ കായലും തോടുകളും കുളങ്ങളും നിറഞ്ഞ് പട്ടണക്കാട്,വയലാർ,കടക്കരപ്പള്ളി, ചേർത്തലതെക്ക്, മുഹമ്മ, തുറവൂർ,കുത്തിയതോട്,കോടംതുരുത്ത് പഞ്ചായത്തുകളിലായി 1500 ഓളം വീടുകളാണ് വെള്ളത്തിലായത്. പട്ടണക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്ധകാരനഴിയിലെ പൊഴിമുറിക്കൽ തുടങ്ങിയെങ്കിലും വെള്ളം കടലിലേക്ക് ഒഴുകിത്തുടങ്ങിയിട്ടില്ല.കടലേറ്റം രൂക്ഷമായതാണ് നീരൊഴുക്കിന് തടസമാകുന്നത്.
നാശമുണ്ടാക്കി കാറ്റും മഴയും
മഴയിലും കാറ്റിലും മരംവീണ് വ്യാപക നാശമാണ് സംഭവിച്ചിട്ടുള്ളത്.വിവിധ പഞ്ചായത്തുകളിലായി 27 വീടുകൾക്കുമേൽ മരം വീണ് ഭാഗിക നാശമുണ്ടായി.ഇതിനു പുറമെ മരം വീണ് വൈദ്യുത കമ്പികൾ പൊട്ടിവീഴുകയും ഇലക്ട്രിക്പോസ്റ്റുകൾ തകരുകയും ചെയ്തിട്ടുണ്ട്. തുറവൂർ പഞ്ചായത്തിൽ പത്തു വീടുകൾ തകർന്നു.കോടംതുരുത്തിൽ നാലും. കുത്തിയതോട്,തൈക്കാട്ടുശ്ശേരി,ചേർത്തല തെക്ക്,പാണാവള്ളി,പട്ടണക്കാട്,കടക്കരപ്പള്ളി,കഞ്ഞിക്കുഴി പഞ്ചായത്തുകളിലും കാറ്റ് നാശംവിതച്ചു.