ഹരിപ്പാട്: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയിലും കാറ്റിലും കടലാക്രമണത്തിലും കാർത്തികപ്പള്ളി താലൂക്കിൽ 92 വീടുകൾ തകർന്നു. മൂന്ന് വീടുകൾ പൂർണ്ണമായും 89 വീടുകൾ ഭാഗകമായിട്ടുമാണ് തകർന്നത്. ആകെ 28.33 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പള്ളിപ്പാട് പഞ്ചായത്തിൽ 12 വീടുകൾ ഭാഗികമായും ഒരു വീട് പൂർണ്ണമായും തകർന്നു. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ 11 വീടുകൾ ഭാഗികമായി തകർന്നു.
ചിങ്ങോലിയിൽ ഒരു വീട് പൂർണ്ണമായും 7 വീടുകൾ ഭാഗികമായും തകർന്നു. മുതുകുളത്ത് ഒരു വീട് പൂർണ്ണമായും 9 വീടുകൾ ഭാഗികമായും തകർന്നു. കാർത്തികപ്പള്ളി-3, ആറാട്ടുപുഴ-8, ചേപ്പാട്-7, ഹരിപ്പാട്-3, ചെറുതന-9, വീയപുരം-8, കണ്ടല്ലൂർ-1, കരുവാറ്റ-8, കൃഷ്ണപുരം-2, പത്തിയൂർ-1 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിൽ ഭാഗകമായി തകർച്ച നേരിട്ട വീടുകളുടെ കണക്ക്. താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂന്ന് ക്യാമ്പുകളിലായി 26 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 81 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പതിയാങ്കര വാഫി അറബിക് കോളേജിൽ അഞ്ച് കുടുംബങ്ങളെയും, ആറാട്ടുപുഴ പഞ്ചായത്തിൽ വലിയഴീക്കൽ സുബ്രഹ്മണ്യ ക്ഷേത്ര കെട്ടിടത്തിൽ 10 കുടുംബങ്ങളെയും മംഗലം ഗവ.എൽ.പി സ്കൂളിൽ 11 കുടുംബങ്ങളെയുമാണ് പാർപ്പിച്ചത്.