ആലപ്പുഴ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നഗരസഭയുടെ അഞ്ച് ദ്രുതകർമ്മ ടീമുകൾ വിവിധ വാർഡുകളിൽ സജീവം.
പി.കെ. കാളൻ പദ്ധതി പ്രകാരം രൂപീകരിച്ച ഉള്ളാട ട്രൈബൽ വുഡ് ക്രാഫ്റ്റ് സൊസൈറ്റിയുടെ പരമ്പരാഗത മരം വെട്ട് തൊഴിലാളികളെ ഉപയോഗപ്പെടുത്തി വിവിധ വാർഡുകളിൽ വീടുകൾക്ക് മുകളിലേക്കു വീണു കിടന്നിരുന്ന വൃക്ഷങ്ങൾ വെട്ടി മാറ്റി. പരമ്പരാഗത തൊഴിലാളികളുടെ രണ്ടുടീമും ദ്രുത കർമ്മ സേനയുടെ മൂന്ന് ടീമുകളുമാണ് പ്രവർത്തിച്ചത്.തോടുകളിലേയും ഇടത്തോടുകളിലേയും തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവൃത്തിയാണ് ദ്രുതകർമ്മ സേന നടത്തി വന്നത്. എൻ.ഡി.ആർ.എഫ്, അഗ്നിശമന സേന, വിവിധ സന്നദ്ധ സംഘടനകൾ എന്നിവ രക്ഷാപ്രവർത്തനങ്ങളിൽ അണിനിരന്നു. സ്ക്വാഡുകളുടെ ഏകോപനം നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്,വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ,കെ.ബാബു,ബീന രമേശ്, എം.ആർ. പ്രേം,സെക്രട്ടറി നീതുലാൽ,എച്ച്.ഒ കെ.പി. വർഗീസ് എന്നിവർ നിർവ്വഹിച്ചു.വിവിധ കൗൺസിലർമാർ വാർഡുകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൃഷിയ്ക്കും വസ്തു വകകൾക്കും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് റവന്യു അധികൃതരോട് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് അഭ്യർത്ഥിച്ചു.