അരൂർ/ തുറവൂർ: കനത്ത മഴയിലും കാറ്റിലും അരൂർ മേഖലയിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണാണ് വീടുകൾ ഭാഗികമായും പൂർണ്ണമായും മിക്കയിടത്തും തകർന്നത്. താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളത്തിനടിയിലായതോടെ ജനജീവിതം ദു:സ്സഹമായി.

മിക്ക വീടുകളുടെയും അകത്ത് വരെ മുട്ടറ്റം വെള്ളമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാത്തതിനാൽ ചിലർ ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്.കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കൂടുതൽ പേരും അവരവരുടെ വീടുകളിൽ തന്നെ കഴിയുകയാണ്. മഴ കുറഞ്ഞുവെങ്കിലും തോടുകളിലുടെ ഒഴുകിയെത്തിയ മാലിന്യങ്ങളും ചെളിയും ഭൂരിഭാഗം വീടുകളുടെയും മുറ്റത്ത് കെട്ടിക്കിടക്കുന്നത് ആരോഗ്യ ഭീഷണി ഉയർത്തുന്നു. എഴുപുന്ന പഞ്ചായത്തിന്റെ 16 വാർഡുകളിലും വെള്ളക്കെട്ട് അതിരൂക്ഷമാണ്. അരൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും ഇതു തന്നെയാണ് അവസ്ഥ.തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ മഴയ്ക്കൊപ്പം കായലുകളിൽ വേലിയേറ്റം അതിശക്തമായതോടെ വേമ്പനാട്, കൈതപ്പുഴ കായലിന്റെ ഇരു വശങ്ങളിലുമുള്ള വീടുകളിലേക്ക് വെള്ളം അടിച്ചു കയറുകയാണ്. മിക്കയിടത്തും തോടുകളും കുളങ്ങളും പാടശേഖരങ്ങളും നിറഞ്ഞു കവിഞ്ഞു പുരയിടങ്ങളിലേക്ക് വെള്ളം കയറുന്നുണ്ട്. ഗ്രാമീണ റോഡുകളിൽ ഭൂരിഭാഗവും വെളളത്തിലായി. കടൽക്ഷോഭമുള്ള പ്രദേശങ്ങളിൽ കടൽഭിത്തിയോട് ചേർന്ന് മണൽ ചാക്ക് നിരത്തിയിട്ടും വെള്ളം കരയിലേക്ക് അടിച്ചു കയറുന്നതിനാൽ നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്.

അരൂർ,കുത്തിയതോട്,പട്ടണക്കാട് ഇലക്ട്രിക്കൽ സെക്‌ഷനുകളിൽ കനത്ത മഴയിലും കാറ്റിലും വൻ നാശമാണ് സംഭവിച്ചത്. വൈദ്യുതലൈനിൽ മരം വീണ് മിക്കയിടത്തും കമ്പി പൊട്ടി. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണു. അരൂർ സെക്‌ഷനിൽ 5 എൽ.ടി പോസ്റ്റുകൾ ഉൾപ്പെടെ 24 വൈദ്യുത പോസ്റ്റുകളാണ് മരം വീണ് തകർന്നത്. ഇരുപതിലധികം പോസ്റ്റുകൾ ചാഞ്ഞു നിൽക്കുകയാണ്. 40 സ്ഥലങ്ങളിലാണ് മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണത്. വൈദ്യുത കമ്പികൾ പൊട്ടിവീണു പലയിടത്തും മണിക്കുറുകളോളം നാട് ഇരുട്ടിലായി. കനത്ത മഴയിലും കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെങ്കിലും സെക്‌ഷനിലെ മുഴുവൻ പ്രദേശങ്ങളിലും വൈദ്യുതി എത്തിയിട്ടില്ല. സർവീസിൽ നിന്നു വിരമിച്ച ജീവനക്കാരെ കൂടി ഉൾപ്പെടുത്തിയാണ് ജോലികൾ ചെയ്യുന്നത്.

 കെ.എസ്.ഇ.ബിക്ക് നഷ്ടപ്പെരുമഴ

അരൂർ സെക്‌ഷനിൽ മാത്രം വൈദ്യുതി ബോർഡിന് ഏകദേശം 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.വെള്ളിയാഴ്ച വൈകിട്ട് നിലച്ച വൈദ്യുതി പിറ്റേന്ന് ഉച്ചയോടെയാണ് പകുതിയോളം സ്ഥലങ്ങളിലെങ്കിലും തിരികെ വന്നത്..കുത്തിയതോട് വൈദ്യുതി സെക്‌ഷനിലും നാശനഷ്ടം ഏറെയാണ്.സെക്‌ഷൻ പരിധിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും 18 മണിക്കൂർ തുടർച്ചയായി വൈദ്യുതി നിലച്ചു.കുത്തിയതോട് സെക്‌ഷനിൽ നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തി വരുന്നതേയുള്ളു. തുറവൂർ ടി.ഡി.ടി.ടി.ഐ യിലെ നിരവധി ക്ലാസ് മുറികൾ മരം വീണു തകർന്നു. മേൽക്കൂരയുടെ ഓടുകൾ ശക്തിയായ കാറ്റിൽ പറന്നു പോയി.5 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.