ചേർത്തല: ഓക്സിജൻ കയറ്റിവന്ന വാഹനം റോഡിൽ കേടായതിനെത്തുടർന്ന് നിയുക്ത എം.എൽ.എ പി. പ്രസാദും ഇടതു യുവജന പ്രവർത്തകരും ചേർന്ന് മറ്റൊരുവാഹനത്തിൽ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിലേക്ക് അയച്ചു.
ഇന്നലെ രാവിലെ 11 മണിയോടെ ദേശീയപാതയിൽ തങ്കി കവലയിലാണ് മെഡിക്കൽ ഓക്സിജൻ കയറ്റി വന്ന മിനി ലോറി കേടായത്. എറണാകുളം ഉദ്യോഗമണ്ഡലിലെ സതേൺ ഗ്യാസ് ലിമിറ്റഡിൽ നിന്നു പന്തളം, പരുമല ഭാഗത്തുള്ള ആശുപത്രികളിലേക്ക് പോവുകയായിരുന്നു ലോറി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിലിണ്ടർ ഇറക്കുകയായിരുന്ന ഇതേ കമ്പനിയുടെ വാഹനം ഡ്രൈവർ വിളിച്ചു വരുത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പി. പ്രസാദും, ഡി.വൈ.എഫ്.ഐ- എ.ഐ.വൈ.എഫ് പ്രവർത്തകരും ചേർന്ന് സിലണ്ടറുകൾ ഈ വാഹനത്തിൽ കയറ്റി വിടുകയായിരുന്നു. 120 വലിയ സിലണ്ടറുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.