ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും യഥാസമയം ഭക്ഷണം എത്തിക്കാനായി ഭക്ഷണ വണ്ടി പ്രയാണം തുടങ്ങി. ഗ്രാമപഞ്ചായത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 'ഭക്ഷണ വണ്ടി 'സേവനം.
എസ്.എൻ കോളജിനു മുൻ വശം പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽനിന്നു ദൂരെയുള്ള വാർഡുകളിൽ ഭക്ഷണം എത്തിക്കാൻ സമയ നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കി 18 വാർഡ് കേന്ദ്രങ്ങളിലും ഭക്ഷണവണ്ടി നേരിട്ട് ഭക്ഷണം എത്തിച്ചു കൊടുക്കും. ജാഗ്രതാസമിതികൾ വോളണ്ടിയർമാർ മുഖേനയും നേരിട്ട് വീടുകളിൽ എത്തിച്ചു നൽകും.
കൂടാതെ ക്ഷേത്രങ്ങൾ അടച്ചു പൂട്ടിയതിലൂടെ ഭക്ഷണ പ്രതിസന്ധി നേരിടുന്ന പ്രാവുകൾക്കും മറ്റു പക്ഷികൾക്കുമായി പഞ്ചായത്തിലെ എല്ലാ ക്ഷേത്രങ്ങളിലും അരിയും ഗോതമ്പും മറ്റ് ധാന്യ വർഗങ്ങളും എത്തിച്ചു നൽകുന്ന 'അമ്പല പ്രാവ്' പദ്ധതിക്കും തുടക്കമായി. പുത്തനമ്പലം ക്ഷേത്രത്തിന് മുൻവശം നടന്ന രണ്ട് ചടങ്ങുകളുടേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബൈരഞ്ജിത്ത്,കെ. കമലമ്മ, വാർഡംഗം ടി.പി. കനകൻ, ചെറുവാരണം കയർ സൊസൈറ്റി സെക്രട്ടറി സി.പി. ദിലീപ്,എൻ.കെ.നടേശൻ,പി. കാർത്തികേയൻ,പുത്തനമ്പലം ദേവസ്വം ഭാരവാഹികളായ സുന്ദരേശൻ,വാസു തുടങ്ങിയവർ പങ്കെടുത്തു.