ആലപ്പുഴ: കൊവിഡ് പ്രതിരോധ സാമഗ്രികൾക്ക് ഏർപ്പെടുത്തിയ വിലക്കുറവ് ഗുണനിലവാരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകരും രോഗബാധിതരും. നിത്യോപയോഗ വസ്തുവായി മാറിയ മൂന്ന് ലെയർ സർജിക്കൽ മാസ്ക് ഉൾപ്പടെ അവശ്യ വസ്തുക്കൾക്കാണ് സർക്കാർ വിലാസം വില നിലവിൽ വന്നത്. ഇതോടെ ഉത്പാദകർ ഇവയുടെ ഗുണനിലവാരം കുറയ്ക്കുമോ എന്നതാണ് ചർച്ചാവിഷയം.
എന്നാൽ അത്തരത്തിൽ ആശങ്കയ്ക്ക് വകയില്ലെന്ന് മെഡിക്കൽ രംഗത്ത് അനുഭവ സമ്പത്തുള്ളവർ പറയുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെടും മുമ്പ് മൂന്ന് രൂപയ്ക്ക് ലഭിച്ചിരുന്ന സർജിക്കൽ മാസ്കാണ് ഇപ്പോൾ വിപണിയിൽ 5 രൂപയ്ക്ക് വിറ്റഴിക്കുന്നത്. 20 രൂപയ്ക്ക് വിൽക്കാൻ കഴിയുന്ന എൻ 95 മാസ്കിന് 90 രൂപയാണ് ഈടാക്കിയിരുന്നത്. ഇവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾക്ക് വിലക്കയറ്റമുണ്ടായിട്ടില്ല. ഉത്പാദനത്തിന് അധിക ചെലവ് വന്നിട്ടില്ല. എന്നിട്ടും അമിതമായ വിലക്കയറ്റമുണ്ടായത് വർദ്ധിച്ച ഡിമാൻഡ് മൂലമാണ്. വിലക്കുറവിൽ ലഭിക്കുന്ന വസ്തുക്കൾക്ക് ഗുണമേന്മ പോരെന്ന തോന്നൽ ഉപഭോക്താക്കൾക്കിടയിലുണ്ട്. ഈ സാഹചര്യം മുതലാക്കിയാണ് ഉത്പാദകർ വില വർദ്ധന നടപ്പാക്കിയത്. ജൻ ഔഷധി കേന്ദ്രങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി വിൽക്കുന്ന അംഗീകൃത എൻ 95 മാസ്കിന് 25 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇതേ മാസ്ക് മറ്റ് വിതരണ കേന്ദ്രങ്ങളിലെത്തുമ്പോൾ വില ഇരട്ടിയിലേറെയാവും.
മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കപ്പെടാതെയാണ് വിപണിയിലെത്തുന്നത്. സർജിക്കൽ മാസ്ക് പോലും തുറസായ രീതിയിലാണ് വിറ്റഴിക്കപ്പെടുന്നത്. ഗുണനിലവാര പരിശോധനയ്ക്ക് ലാബ് സംവിധാനം പോലുള്ള ക്രമീകരണമുണ്ടായാൽ ആശങ്ക ഒഴിവാക്കാം.
...............
'ട്രിപ്പിൾ' ഭയം
1. നിലവാരമില്ലാത്ത പി.പി.ഇ കിറ്റുകൾ വിപണിയിലെത്താൻ സാദ്ധ്യത
2. നിലവാരം കുറഞ്ഞവ ഉപയോഗിച്ചാൽ രോഗവ്യാപനമുണ്ടാകും
3. കൊവിഡ് പ്രതിരോധ പ്രവർത്തനം താളം തെറ്റും
........................................................
വിലക്കെണിയിൽ പൾസ് ഓക്സിമീറ്റർ
പരമാവധി 1200 രൂപ ഈടാക്കാനാവുന്ന പൾസ് ഓക്സീമീറ്ററിന് 1500 രൂപയായി നിജപ്പെടുത്തിയത് തെറ്റായ നടപടിയാണെന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു. വരും ദിവസങ്ങളിൽ ആയിരം രൂപയ്ക്ക് താഴെ ഇവ ലഭ്യമാകാൻ സാഹചര്യം ഒരുങ്ങവേ, ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ് ഇപ്പോഴത്തെ വില നിർണ്ണയം.
.......................................................
അഞ്ച് മുതൽ പതിനഞ്ച് രൂപ വരെയുള്ള എൻ 95 മാസ്കുകളാണ് വിപണിയിൽ വലിയ വിലയ്ക്ക് വിറ്റഴിക്കപ്പെടുന്നത്. അതുകൊണ്ട് നിലവിൽ കൊണ്ടുവന്ന വിലക്കുറവ് ഗുണനിലവാരത്തെ ബാധിക്കാൻ ഇടയില്ല. ഗുണനിലവാരം പരിശോധിക്കാൻ സംവിധാനം വരണം -
സി.സനൽ, ഫാർമസിസ്റ്റ്
...............................
പുതുക്കിയ വില (രൂപയിൽ)
പിപിഇ കിറ്റ് - 273, എൻ 95 മാസ്ക് - 22, ട്രിപ്പിൾ ലെയർ മാസ്ക് - 3.90, ഫെയ്സ് ഷീൽഡ് - 21, ഏപ്രൺ - 12, സർജിക്കൽ ഗൗൺ - 65, പരിശോധന ഗ്ലൗസ് - 5.75, ഹാൻഡ് സാനിട്ടൈസർ (100 എം.എൽ) - 55, സ്റ്റെറൈൽ ഗ്ലൗസ് - 15, എൻ.ആർ.ബി മാസ്ക് - 80, ഓക്സിജൻ മാസ്ക് - 54, ഫ്ലോമീറ്റർ വിത് ഹ്യുമിഡിഫെയർ - 1520, പൾസ് ഓക്സിമീറ്റർ - 1500