അമ്പലപ്പുഴ: വാക്സിനേഷൻ കാലതാമസം കാരണം വിദേശത്തേക്ക് മടങ്ങാനാകാതെ ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിൽ കഴിയുന്ന വിദേശ മലായാളികളുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.എം.കബീർ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിന് മുൻപ് അവധിക്കെത്തിയ വിദേശ മലയാളികൾ ഗൾഫ്‌ രാജ്യങ്ങൾ ഏർപ്പെടുത്തിയ വാക്സിൻ നിയമത്തിന്റെ പേരിലാണ് തിരികെ പോകാനാവാതെ വിഷമത്തിലായിരിക്കുന്നത്‌. രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചവരെ മാത്രമേ രാജ്യത്ത് പ്രവേശിപ്പിക്കൂ എന്ന നിയമം പല ഗൾഫ്‌ രാജ്യങ്ങളും നടപ്പിലാക്കിയതോടെ പ്രവാസികളുടെ മടക്ക യാത്ര അനശ്ചിതത്വത്തിലാണ്. ആറു മാസത്തിനുളളിൽ മടങ്ങിയില്ലെങ്കിൽ വിസ റദ്ദാകുമെന്ന ഭീതിയിലാണ് പലരും. വാക്സിനേഷൻ രജിസ്ട്രേഷനുള്ള നിയന്ത്രണം ഒഴിവാക്കി എത്രയും പെട്ടെന്ന് വാക്സിനേഷൻ ആരംഭിക്കുകയും അതിൽ പ്രവാസികൾക്ക് മുൻഗണന നൽകുകയും ചെയ്ത് പ്രവാസി കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും യു.എം.കബീർ ആവശ്യപ്പെട്ടു.