കടൽ കൂടിക്കിടക്കുന്നതും തൃക്കുന്നപ്പുഴയിലെ ബണ്ടും തടസം
ആലപ്പുഴ: തോരാമാഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർത്തുന്നു. തോട്ടപ്പള്ളി പൊഴിമുഖത്തെ നീരോഴുക്ക് ശക്തിപ്പെടാത്തതും തൃക്കുന്നപ്പുഴയിൽ പുതിയ പാലം നിർമ്മാണത്തിനായി ലോക്ക്ഗേജിൽ സ്ഥിരം ബണ്ട് നിർമ്മിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതിന് പുറമേ കായംകുളം കായലുമായി ബന്ധമുള്ള കാർത്തികപ്പള്ളി, പുളിക്കീഴ് തോടുകളിൽ ഉൾപ്പെടെ വലുതും ചെറുതുമായ 25ൽ അധികം ഓരുമുട്ടുകൾ നീക്കാത്തതും വെള്ളപ്പൊക്കത്തിന് കാരണമായി.
തോട്ടപ്പള്ളി പൊഴിയിലെ നീരോഴുക്ക് ശക്തമായില്ലെങ്കിലും തൃക്കുന്നപ്പുഴ ചീപ്പിലൂടെ വെള്ളം കായൽ വഴി കായംകുളം മത്സ്യബന്ധന തുറമുഖത്തിലൂടെ കടലിലേക്ക് ഒഴുകി മാറുമായിരുന്നു. തൃക്കുന്നപ്പുഴയിലെ സ്ഥിരം ബണ്ടാണ് ഇത്തവണ പ്രതിബന്ധമായത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ പുളിക്കീഴ് പാലത്തിന് വടക്ക് ഭാഗത്തെ ഓരുമുട്ടിൻറ്റെ മദ്ധ്യഭാഗം വീട്ടമ്മമാർ ഉൾപ്പെട്ട സംഘം പൊട്ടിച്ചു വിട്ടു. 50 മീറ്റർ വരുന്ന മുട്ട് പൂർണ്ണമായി നീക്കിയാൽ വലിയതോതിൽ ജലം ഒഴുകി കായംകുളം കായലിൽ പതിക്കും. ഇതേപോലെ മറ്റ് ഓരുമുട്ടുകളും തൃക്കുന്നപ്പുഴയിലെ ബണ്ടും താത്കാലികമായി നീക്കി ജലം ഒഴുക്കി വിടാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തോട്ടപ്പള്ളി പൊഴിമുഖംമുറിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും നീരോഴുക്ക് ശക്തമാകാത്തത് ആശങ്ക സൃഷ്ടിക്കുന്നു. കടലിൽ ജലനിരപ്പ് കൂടുതലായതിനാലാണ് ഒഴുക്ക് ശക്തമാകാത്തത്. സാധാരണ പൊഴിമുറിക്കുമ്പൾ നീരൊഴുക്ക് ശക്തിപ്രാപിക്കും വരെ പാലത്തിലെ മുഴുവൻ ഷട്ടറുകളും ഉയർത്തുകയാണ് പതിവ്. ഇത്തവണ പൊഴിമുഖം കടലിലേക്ക് തുറക്കുന്ന സമയം 15 ഷട്ടറുകൾ മാത്രമാണ് തുറന്നത്. ഇതുമൂലം കടലിലേ വേലിയറ്റതിരകളെ അതിജീവിച്ച് നീരോഴുക്ക് ശക്തിപ്രാപിക്കാതിരിക്കുകയും പൊഴിമുഖത്ത് മണൽ തിട്ട രൂപപ്പെടുകയും ഒഴുക്ക് മന്ദഗതിയിലാകുകയും ചെയ്ത. മുൻ വർഷങ്ങളേക്കാൾ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ പൊഴിയുടെ ആഴം കുറവാണെങ്കിൽ കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് മണൽ നീക്കം ചെയ്തു വീതിയിൽ പൊഴിമുഖം തുറക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
39 ഷട്ടറുകൾ തുറക്കും
ഇന്നല നിയുക്ത എം.എൽ.എമാരായ എച്ച്.സലാം, തോമസ് കെ.തോമസ് എന്നിവരുടെ ഇടപെടലിനെ തുടർന്ന് പാലത്തിൽ നീരൊഴുക്ക് നിയന്ത്രിക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകൾ തുറക്കാൻ കളക്ടർ എ.അലകാസാണ്ടർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. ആകെ 40 ഷട്ടറുകളുണ്ട്. ഇതിൽ രണ്ടെണ്ണം സാങ്കേതിക പ്രശ്നങ്ങൾ കാരണം ഉയർത്താനാവില്ല. ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം ഇന്നലെ വൈകിട്ട് നാലുമണിവരെ 26 ഷട്ടറുകൾ ഉയർത്തി. വൈദ്യുതി മുടക്കം തുടരുന്നതിനാൽ ജനറേറ്റർ ഉപയോഗിച്ചാണ് ഷട്ടറുകൾ ഉയർത്തുന്നത്. സ്പിൽവേയിലെ 40 ഷട്ടറുകളുടെ വൈദ്യുത കേബിളുകൾ മോഷ്ടാക്കൾ കവർന്നിരുന്നു. ഇവയ്ക്കു പകരം കേബിൾ സ്ഥാപിക്കാതെ താത്കാലിക വയർ ഉപയോഗിച്ചാണ് ഷട്ടറുകൾ ഉയർത്തുന്നത്.
തണ്ണീർമുക്കം
തണ്ണീർമുക്കം ബണ്ടിന്റെ 75 ഷട്ടറുകൾ തുറന്നതായി കളക്ടർ പറഞ്ഞു. വേലിയിറക്കസമയത്ത് മുഴുവൻ ഷട്ടറുകളും തുറക്കാൻ ജലവിഭവവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനാണ് നടപടി.