ആലപ്പുഴ: പെരുമഴ നിമിത്തം ജില്ലയിലെ ഏക്കറുകണക്കിന് പച്ചക്കറി കൃഷി വെള്ളത്തിലായി. പേരുകേട്ട കഞ്ഞിക്കുഴി പച്ചക്കറി കർഷകർക്ക് മഴ മൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ജൂൺ വരെ വിളവെടുക്കത്തക്ക രീതിയിലാണ് ഇവിടെ കർഷകർ കൃഷിയിറക്കുന്നത്. വിളവിന് പാകമായ വെള്ളരി, മത്തൻ, ഇളവൻ, തണ്ണി മത്തൻ, വെണ്ട, കുറ്റിപ്പയർ, ചെറുപയർ എന്നിവയെല്ലാം വെള്ളത്തിലായി. ഒന്നാം വാർഡിൽ മായിത്തറയിലെ ജൈവകർഷകനായ വി.പി. സുനിലിന് 50,000 രൂപയ്ക്ക് മുകളിലാണ് നഷ്ടം സംഭവിച്ചത്.
2000 ചുവട് വെണ്ടയും 1000 ചുവട് കുറ്റിപ്പയറും വെള്ളത്തിലായി. കൂടാതെ വെള്ളരി, തണ്ണിമത്തൻ, മത്തൻ എന്നിവയും വെള്ളം കയറി നശിച്ചു. പച്ചക്കറികൾക്ക് മികച്ച വില ലഭിക്കുന്ന അവസരത്തിലുണ്ടായ ദുരിതം കർഷകർക്ക് ഏറെ നിരാശയും മാനസിക ബുദ്ധിമുട്ടുമാണ് വരുത്തുന്നത്. ആലപ്പുഴയിലെയും എറണാകുളത്തെയും കച്ചവടക്കാരാണ് കഞ്ഞിക്കുഴി പച്ചക്കറി പ്രധാനമായും വാങ്ങുന്നത്. നൂറുകണക്കിന് കർഷകരുടെ അദ്ധ്വാനവും പ്രതീക്ഷയുമാണ് തോരാമഴ കവർന്നെടുത്തത്. കർഷകനായ ശുഭകേശൻ കഴിഞ്ഞ ദിവസം വെള്ളത്തിൽ നിന്ന് രണ്ടായിരം കിലോയോളം ജൈവ തണ്ണിമത്തനുകളാണ് വലിച്ച് കരയ്ക്ക് കയറ്റിയത്. ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് ഇടപെട്ടതോടെ കുറെയെണ്ണം വിറ്റു. ബാക്കിയുള്ളവയ്ക്ക് വിപണി തേടുകയാണ്. നാടൻ പച്ചക്കറികളുടെ സംഭരണം ഹോർട്ടികോർപ്പ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ വിലയാണ് പ്രശ്നം. തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയുടെ അതേ വിലയ്ക്ക് ജൈവ പച്ചക്കറികൾ നൽകുന്നത് കർഷകർക്ക് നഷ്ടമുണ്ടാക്കും.
............
# പ്രതിസന്ധികൾ
വെള്ളക്കെട്ട് നീണ്ടാൽ വിളകൾ ചീഞ്ഞളിയും
സർക്കാർ നിശ്ചയിക്കുന്ന വില കുറവ്
തമിഴ്നാട് പച്ചക്കറിയുടെ വിലയ്ക്ക് വിൽക്കാനാവില്ല
സ്വന്തം നിലയിൽ വിൽക്കാൻ ലോക്ക്ഡൗൺ തടസങ്ങൾ
യാത്രക്കാർ കുറവായതിനാൽ റോഡരികിലെ വില്പന നിലച്ചു
.........................................
വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യത്തിൽ ബാക്കിയുള്ള പച്ചക്കറികളുടെ വിളവെടുപ്പും നിൽക്കും. ലോക്ക് ഡൗൺ ആണെങ്കിലും കഞ്ഞിക്കുഴി വിഭവങ്ങൾക്ക് മികച്ച മാർക്കറ്റ് ലഭിക്കുന്നുണ്ടായിരുന്നു. ഇതര ജില്ലകളിലേക്കടക്കം കയറ്റുമതിയും നടന്നിരുന്നു. അപ്രതീക്ഷിതമായാണ് മഴ കനത്തത്. നഷ്ടം വളരെ വലുതാണ്
വി.പി.സുനിൽ, ജൈവ കർഷകൻ, കഞ്ഞിക്കുഴി