ആലപ്പുഴ: ഡ്യൂട്ടിക്കിടെ കൊവിഡ് പോസിറ്റീവായ ട്രെയിനി നഴ്സിനെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ഹരിപ്പാട് പ്രവ‌ർത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെ നഴ്സായ യുവതി തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി ദുരനുഭവം പുറത്തുവിട്ടത്.

രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുട‌ർന്ന് പരിശോധനയ്ക്ക് സ്രവം നൽകിയ നഴ്സിനെ മാറ്റിനി‌റുത്താതെ നൈറ്റ് ഡ്യൂട്ടി നൽകി. പുലർച്ചെ ഫലം വന്നപ്പോൾ പോസിറ്റീവ്. അപ്പോൾ തന്നെ അധികൃതർ ഇവരെ കെട്ടിടത്തിന് വെളിയിലിറക്കി. രാവിലെ ബന്ധുക്കൾ എത്തുന്നത് വരെ പുറത്ത് റോഡരികിൽ നിൽക്കേണ്ടി വന്നതായും നഴ്സ് പറയുന്നു. ജോലിക്കിടെ രോഗം സ്ഥിരീകരിച്ചിട്ടും യുവതിക്ക് ചികിത്സ നൽകാനോ സർക്കാരിന്റെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റോനോ തയ്യാറാകാതിരുന്ന സ്വകാര്യ ആശുപത്രി അധികൃതർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനം ഉയരുകയാണ്.