photo
ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലെ മഴക്കെടുതി

ആലപ്പഴ:പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിൽ ജനജീവിതം ദുരിതത്തിൽ. കിഴക്കു നിന്നുള്ള കുത്തോഴുക്ക് ശക്തമായതോടെ റോഡുകൾ വെള്ളത്തിലായി.

ആലപ്പുഴ-ചങ്ങനാശേരി റോഡിലടക്കം വെള്ളം കയറി. കൊവിഡ് രോഗികളെ ആശുപത്രികളിലെത്തിക്കാൻ ആംബുലൻസുകൾക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. എ-സി റോഡിൽ പതിവു പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. പള്ളിക്കൂട്ടുമ്മ ജംഗ്ഷനു പടിഞ്ഞാറു ഭാഗത്തുള്ള ഒന്നാംകര പ്രദേശത്താണ് ഏറ്റവുമധികം വെള്ളക്കെട്ടുള്ളത്. മാമ്പുഴക്കരി, പൂവം പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. മങ്കൊമ്പ് തെക്കേക്കര ജംഗ്ഷനിൽ റോഡ് കവിഞ്ഞൊഴുകുന്നതും ഗതാഗതം ദുഷ്‌കരമാക്കുന്നു. എ-സി റോഡിൽ ഏറ്റവുമധികം താഴ്ചയുള്ള പ്രദേശമായ മങ്കൊമ്പ് ബ്ലോക്കുജംഗ്ഷനു സമീപത്തു വെള്ളക്കെട്ടില്ലാത്തതു ആശ്വാസമാണ്. മൂല-പൊങ്ങമ്പ്ര പാടശേഖരത്തിൽ പമ്പിംഗ് നടക്കുന്നതിനാലാണ് റോഡിൽ വെള്ളം കയറാതെ നിലനിൽക്കുന്നത്. പാടശേഖരത്തിന്റെ പുറംബണ്ടും ജലനിരപ്പുമായി ഇപ്പോഴും ഒരടിയുടെ വ്യത്യാസമുണ്ട്. റോഡിനെ വെള്ളക്കെട്ടിൽ നിന്നൊഴിവാക്കാനാണ് പാടശേഖരസമിതി പമ്പിംഗ് ആരംഭിച്ചത്. കുട്ടനാട്ടിലെ പ്രധാന ഗ്രാമീണ റോഡുകളായ പള്ളിക്കൂട്ടുമ്മ-നീലംപേരൂർ റോഡ്, കിടങ്ങറ-കണ്ണാടി, മുളയ്ക്കാംതുരുത്തി-വാലടി, നെടുമുടി-കരുവാറ്റ റോഡുകളും വെള്ളത്തിലാണ്.

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിട്ടുയർത്തിയ കിടങ്ങറ-മുട്ടാർ റോഡിന്റെ ദീപ ജംഗ്ഷൻ, മുട്ടാർ പള്ളി എന്നിവിടങ്ങളിലും റോഡിൽ വെള്ളക്കെട്ടുള്ളത് ഗതാഗത്തിനു തടസമാകുന്നുണ്ട്. കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമാകാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

ആലപ്പുഴ നഗരത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയ വളപ്പിൽ നിന്ന വൻമരം ഉച്ചയ്ക്ക് കാറ്റിൽ കടപുഴകി വീണു. ഫയർഫോഴ് എത്തിയാണ് മരം മുറിച്ച് നീക്കിയത്.രാവിലത്തെ കാറ്റിൽ പറവൂർ ജംഗ്ഷന് തെക്കുഭാഗത്ത് മാവ് വീണ് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. വൈദ്യുതിയും മുടങ്ങി. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കി. നഗരത്തിലെ ചുങ്കം, പള്ളാത്തുരുത്തി ഭാഗത്ത് പ്രളയ ജലത്തിൽ റോഡ് മുങ്ങി. നിരവധിവീടുകളും വെള്ളക്കെട്ടിലായി. കുടിവെള്ള ക്ഷമാവും രൂക്ഷമാണ്.