അമ്പലപ്പുഴ: വീട്ടിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് ജീവൻ രക്ഷാ മരുന്നെത്തിച്ച് പൊതു പ്രവർത്തകരും നിയമപാലകരും. കറ്റാനം സ്വദേശി ശിവനാണ് (48) ആണ് ഒരു കൂട്ടം സുമനസുകളുടെ ഇടപെടൽ കൊണ്ട് മരുന്ന് ലഭിച്ചത്.
കരൾ സംബന്ധമായ അസുഖത്തിന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശിവൻ. ഡിസ്ചാർജായ ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. വീട് നിൽക്കുന്ന പ്രദേശം കണ്ടെയ്മെന്റ് സോൺ ആയതിനാൽ ആശുപത്രിയിലെത്തി തുടർ ചികിത്സയ്ക്കുള്ള മരുന്നു വാങ്ങാൻ ബുദ്ധിമുട്ടുണ്ടായി. എന്ത് ചെയ്യണമെന്നറിയതെ വിഷമിച്ച ശിവന്റെ കുടുംബം സാമൂഹിക പ്രവർത്തക സുറുമി ഷാഹുലിനോട് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ സ്റ്റോറിൽ നിന്നു മരുന്ന് വാങ്ങി പൊതു പ്രവർത്തകരായ നിസാർ വെള്ളാപ്പള്ളി,ഷിതാഗോപിനാഥ്, മുഹമ്മദ് പുറക്കാട്, സജീർ എന്നിവർ മരുന്നെത്തിക്കാൻ പുന്നപ്ര പൊലീസിന്റെ സഹായം തേടി. ഉച്ചയോടെ എസ്.ഐ റഹിം, ജനമൈത്രി പൊലീസ് ഓഫിസർ രഞ്ജിത് എന്നിവർ ഇവരിൽ നിന്ന് മരുന്നു വാങ്ങി ശിവന്റെ കറ്റാനത്തെ വീട്ടിലെത്തിച്ചു.