ആലപ്പുഴ: ലോക്ക് ഡൗണിലും ട്രിപ്പിൾ ലോക്ക് ഡൗണിലും നാടുഴലുമ്പോൾ തൊഴിലാളികൾക്കും നാട്ടുകാർക്കും ആശ്വാസമാകുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ. മഴക്കാല ശുചീകരണ പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവർ ഇപ്പോഴും സജീവമാണ്.
തങ്ങൾക്കന്നം മുട്ടുന്നില്ലെന്നതിനൊപ്പം ഇവർ നാടിന്റെ പൊതുവായ ക്ഷേമത്തിനുതകുന്ന പങ്കു വഹിക്കുകയാണീ തൊഴിലാളികൾ.
തൊഴിലുറപ്പ്. പണിയെടുക്കുന്നവരിൽ 80ശതമാനവും സ്ത്രീകളാണ്. നിയന്ത്രണങ്ങളും ശക്തമായി തുടരുമ്പോഴും ഒരു വിഭാഗം ഇപ്പോഴും തൊഴിലുറപ്പു രംഗത്തു സജീവം. ആലപ്പുഴ ജില്ലയാണ് തൊഴിലുറപ്പ് പദ്ധതിയിൽ മുൻപന്തിയിൽ.ലോക്ഡൗണിന്റെ ആദ്യ ആഴ്ച മുതൽ ജില്ലയിലെ പലപ്രദേശങ്ങളിൽ തൊഴിലുറപ്പിൽ ഒട്ടേറെപ്പേർ ജോലിയെടുക്കുന്നുണ്ട്. എന്നാൽ ലോക്ഡൗണിന് മുമ്പുള്ള ദിവസങ്ങളെപോലെ വേഗത്തിലല്ല ജോലികൾ നടക്കുന്നത്.പ്രതിരോധച്ചട്ടം പാലിച്ച് 5 പേർക്കാണ് ഒരു സ്ഥലത്ത് ജോലിയെടുക്കാൻ അനുമതി. അതനുസരിച്ചുള്ള തൊഴിലാണ് അനുവദിക്കുകയെന്നു തൊഴിലുറപ്പ് മിഷൻ അധികൃതർ പറഞ്ഞു. തൊഴിലാളികളിൽ കൂടുതലും സ്ത്രീകളാണ്. 60 വയസിനു മുകളിലുള്ളവരെ മാറ്റിനിറുത്തിയിട്ടുണ്ട്.
കൂടുതൽപേർ തൊഴിൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും പലയിടത്തും കൊവിഡ് വ്യാപന തീവ്രത കൂടുതലായതിനാൽ അനുമതി നൽകാനാകുന്നില്ല. പല തദ്ദേശസ്ഥാപന വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ജില്ലയിൽ മഴക്കാല ശുചീകരണത്തോട് അനുബന്ധിച്ച് പറമ്പുകളും തെങ്ങിൻ തോപ്പുകളിലും സ്ത്രീകൾ പണിയെടുക്കുന്നുണ്ട്. പലയിടങ്ങളിലും തൊഴിലുറപ്പ് പ്രോജക്ടുകൾ നടപ്പാക്കാൻ കഴിയാത്തതിനാൽ വ്യക്തിഗത നിർമാണത്തിലാണ് ഇപ്പോൾ ശ്രദ്ധ. ഈ മേഖലയിൽ 50ലധികം ഇനം തൊഴിൽ ഉൾപ്പെടുത്താമെങ്കിലും പല തദ്ദേശസ്ഥാപനങ്ങളുടെയും പ്രോജക്ട് മുൻവർഷങ്ങളിലെ ആവർത്തനമാണ്. മഴക്കാല പൂർവ ശുചീകരണത്തിനാണ് മുൻതൂക്കമെങ്കിലും പലയിടത്തും അതു നടപ്പാക്കാൻ കഴിയുന്നില്ല. തീവ്രരോഗ വ്യാപനത്തിൽ തൊഴിലുറപ്പ് അനുവദിക്കരുതെന്ന് ആരോഗ്യവിഭാഗം തുടക്കത്തിൽ നിർദേശിച്ചെങ്കിലും താഴേത്തട്ടിൽ ദാരിദ്ര്യം ഒരു പരിധിവരെ ഒഴിവാക്കാൻ അത് ആവശ്യമാണെന്നായിരുന്നു സർക്കാർ നിലപാട്. ലോക്ഡൗൺ പ്രതിസന്ധിയിലും പല കുടുംബങ്ങളിലും അന്നം മുടക്കാത്തത് തൊഴിലുറപ്പ് പദ്ധതിയാണ്.
..............
# തൊഴിലുറപ്പിന് തിരക്ക്
കഴിഞ്ഞ ലോക്ഡൗണിനുശേഷം പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം വലിയതോതിൽ കൂടിഎന്നാണ് കണക്ക്. കേന്ദ്രം കാലതാമസമില്ലാതെ ഫണ്ടും അനുവദിക്കുന്നുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ തൊഴിലാളികൾക്ക് വേതനം നൽകണം. കൊവിഡ് തുടങ്ങിയശേഷം കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിൽ നല്ല രീതിയിലായിരുന്നു എല്ലാ പഞ്ചായത്തുകളിലും പ്രവർത്തനം. കുട്ടനാട്ടിൽ തൊഴിലുറപ്പ് പദ്ധതിയിലുള്ള സ്ത്രീകൾക്ക് പാടത്തും പണി നൽകുന്നുണ്ട്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും തൊഴിലുറപ്പു കാർഡ് എടുത്തിട്ടുണ്ട്.
..........
291 രൂപ
# ദിവസ വേതനം..................291 രൂപ
1.5 ലക്ഷം
# ജില്ലയിൽ തൊഴിലാളികൾ......................1.5 ലക്ഷം
..........
,,
ജില്ലയിൽ തൊഴിലുറപ്പ് പദ്ധതി പല പഞ്ചായത്തിലും നടക്കുന്നുണ്ട്. മന്ദഗതിയിലാണെങ്കിലും പദ്ധതി അവതാളത്തിലല്ല. കർശന നിർദ്ദേശം പാലിച്ച് 5 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. മഴക്കാല ശുചീകരണമാണ് നിലവിൽ നടത്തുന്നത്.
വി.പി.സുനിൽ, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി