photo
തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ ഹിറ്റാച്ചി ഉപയോഗിച്ച് ഷട്ടറും ഉയർത്തുന്നു

ആലപ്പുഴ: തോരാമഴ ശമി​ച്ചി​ട്ടും കിഴക്കൻ വെള്ളത്തിന്റെ വരവ് അതി​ശക്തമായി തുടരുന്നതിനാൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളി​ലെ ജലനിരപ്പ് താഴുന്നി​ല്ല. തോട്ടപ്പള്ളി പൊഴിയിലൂടെയുള്ള നീരൊഴുക്ക് ഇന്നലെ ഉച്ചയോടെ ശക്തിപ്രാപി​ച്ചതിനാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളക്കെട്ടിൽ മുങ്ങിയില്ല.

230മീറ്റർ നീളത്തിലും 20മീറ്റർ വീതിയിലും 3.5മീറ്റർ താഴ്ച്ചയിലും മൂന്ന് ദിവസമായി പൊഴിമുഖം കടലിലേക്ക് തുറന്നെങ്കിലും നീരൊഴുക്ക് ശക്തമായില്ല. ഇന്നലെ ഉച്ചയോടെ പാലത്തിന്റെ മദ്ധ്യഭാഗത്തെ ഷട്ടറുകൾ ഉയർത്തിയതോടെ പൊഴിമുഖം ഒരുമണിക്കൂറിനുള്ളിൽ 100മീറ്റർ വീതിയിൽ ആഴത്തിൽ ഒഴുക്ക് പിടിച്ചത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ കെട്ടികിടന്ന ജലനിരപ്പ് ക്രമേണ താഴ്ന്നു തുടങ്ങി.

സാധാരണ പൊഴിമുറിക്കുന്നതിന് മുമ്പ് പാലത്തിൽ ഘടിപ്പിച്ചിട്ടുള്ള ഷട്ടറുകൾ ഉയർത്താറുണ്ട്. എന്നാൽ ഇവ ഇന്നലെയും പൂർണമായി ഉയർത്താൻ കഴിഞ്ഞില്ല.

ഇനി​യും തുറക്കാൻ

12 ഷട്ടറുകൾ കൂടി​

ആകെയുള്ള 40ഷട്ടറുകളിൽ ഇന്നലെ വരെ 28ഷട്ടറുകളാണ് ഉയർത്തിയത്.കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുതലായിട്ടും മുഴുവൻ ഷട്ടറുകളും യഥാസമയം തുറക്കാൻ കഴിയാതെ വന്നതാണ് ഇപ്പോഴത്തെ വെള്ളപൊക്കത്തിന് പ്രധാന കാരണം. കഴിഞ്ഞ ജനുവരിയിൽ 28ഷട്ടറുകളുടെ മോട്ടോറുമായി ബന്ധിപ്പിക്കുന്ന കേബിൾ മോഷണം പോയിരുന്നു. ഇവയ്ക്ക് പകരം പുതിയ കേബിൾ ഘടിപ്പിക്കാൻ കഴിയാത്തതിനാൽ വൈദ്യുതി ഉപയോഗിച്ച് ഉയർത്താൻ കഴിയാതെ വന്നു. പാലത്തിൽ വാഹനഗതാഗത കുരുക്ക് സൃഷ്ടിച്ച് ഹിറ്റാച്ചി ഉപയോഗിച്ച് ഓരോഷട്ടറും ഉയർത്തുന്നത്. ഈ കാലതാമസം പ്രധാന വെല്ലുവിളിയായി മാറി.

വീഴ്ച്ചയെന്ന് വി​മർശനം

സാധാരണ മാർച്ച്, ഏപ്രിൽമാസങ്ങളിൽ പാലത്തിലെ ഷട്ടറുകളുടെ തകരാർ പരിഹരിക്കുക പതിവാണ്. ഇത്തവണ ഷട്ടറുകളുടെ റോപ്പുകളുടെ തകരാർ പരിഹരിച്ചെങ്കിലും മോട്ടോറുമായി ബന്ധിപ്പിക്കുന്ന കേബിൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടത്താൻ വീഴ്ചയുണ്ടായെന്നാണ് വി​മർശനം.