tt

ആലപ്പുഴ: വാക്‌സിനേഷൻ സംബന്ധിച്ച് സർക്കാർ മാനദണ്ഡങ്ങൾ ഇറക്കിയിട്ടുള്ളതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ. ചില സംശയങ്ങൾക്കുള്ള മറുപടികൾ...

 കൊവിഡ് വാക്‌സിൻ ലഭ്യമാകുന്നത് ആർക്കൊക്കെ?

45 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ ലഭ്യമാണ്. 18 വയസ് കഴിഞ്ഞവരിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർക്ക് മുൻഗണന നൽകി ആദ്യ ദിവസങ്ങളിൽ വാക്‌സിൻ നൽകും. തുടർന്ന് മറ്റുള്ളവർക്കും വാക്‌സിൻ ലഭിക്കുന്നതാണ്.

 വാക്‌സിൻ ലഭിക്കാൻ രജിസ്‌ട്രേഷൻ നിർബന്ധമാണോ?

ആദ്യ ഡോസ് ലഭിക്കാൻ നിർബന്ധം.

 രജിസ്‌ട്രേഷൻ സ്വയം ചെയ്യാൻ അറിയാത്തവർ ആരുടെ സഹായം തേടണം?

വാർഡ്തല ജാഗ്രത സമിതിയെ അറിയിക്കുക. അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുക. നിങ്ങളുടെ സ്ഥലത്തെ ആരോഗ്യ വോളണ്ടിയർമാരുടെ സഹായവും തേടാനാവും. ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന വയോജന കാൾ സെൻററിൽ ബന്ധപ്പെടുക. (0477-2257900)

 രണ്ടാമത്തെ ഡോസെടുക്കാൻ എന്തു ചെയ്യണം?

രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ ഓൺലൈൻ ആയി സമയവും വാക്‌സിനേഷൻ കേന്ദ്രവും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സൈറ്റിൽ നിന്നു ഷെഡ്യൂൾ ചെയ്ത് സ്ലോട്ട് ഉറപ്പാക്കുക

 രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഷെഡ്യൂൾ ചെയ്യാൻ പ്രയാസം ഉണ്ടാകുന്നതെന്തുകൊണ്ടാണ്?

വിവിധ വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനേഷൻ ഡോസുകൾ തീരുമാനിച്ചു സമയാനുസൃതമായി വരുന്ന മാർഗ നിർദ്ദേശങ്ങൾ നടപ്പിലാക്കിയ ശേഷമാണ് സൈറ്റിൽ സ്ലോട്ടുകൾ തുറക്കുന്നത്. ഗുണഭോക്താക്കൾ സ്വാഭാവികമായും കൂടുതലുള്ളതുകൊണ്ട് സ്ലോട്ടുകൾ പെട്ടെന്ന് ബുക്ക്ഡ് ആകാറുണ്ട്. സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതിനായി സൈറ്റ് ഇടയ്ക്കിടെ പരിശോധിക്കണം

 രണ്ടാമത്തെ ഡോസ് എപ്പോഴാണെടുക്കേണ്ടത്?

കോവിഷീൽഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസത്തിനു ശേഷം 112 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടതാണ്. കോവാക്‌സിൻ ആദ്യഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷം 42 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം.

 ഒന്നാം ഡോസെടുത്ത കേന്ദ്രത്തിൽ നിന്നു തന്നെ രണ്ടാമത്തെ ഡോസും എടുക്കേണ്ടതുണ്ടോ?

നിർബന്ധമില്ല. രണ്ടാമത്തെ ഡോസ് കൃത്യസമയത്തെടുക്കാൻ സൗകര്യം ലഭിക്കുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്യാനാവും

 കിടപ്പുരോഗികൾ വാക്‌സിനെടുക്കാൻ എന്തു ചെയ്യണം?

ജില്ലയിലെ വയോജന കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. വീടുകളിലെ കിടപ്പു രോഗികൾക്കുള്ള വാക്‌സിനേഷൻ നടപടികൾ നടന്നു വരുന്നു. കഴിയുന്നതും കിടപ്പു രോഗികളെ പരിചരിക്കുന്നവർ രണ്ടു ഡോസ് വാക്‌സിനും സ്വീകരിക്കുക. കിടപ്പു രോഗികളുടെ സുരക്ഷയുറപ്പാക്കാൻ മറ്റ് അംഗങ്ങൾ കരുതലെടുക്കുക.

 കുഞ്ഞുങ്ങൾക്ക് വാക്‌സിനേഷൻ ലഭിക്കുമോ?

കുഞ്ഞുങ്ങൾക്ക് നിലവിൽ വാക്‌സിനേഷൻ ലഭ്യമല്ല. വാക്‌സിൻ ട്രയലുകൾ നടന്നു വരുന്നു.

 കൊവിഡ് പോസിറ്റീവ് ആയവർക്ക് വാക്‌സിൻ എപ്പോഴെടുക്കാം?

കൊവിഡ് പോസിറ്റീവ് ആയവർ നെഗറ്റീവ് ആയി ആറുമാസത്തിനു ശേഷം വാക്‌സിൻ എടുക്കണം

 കൊവിഡ് രോഗിയുമായി സമ്പർക്കത്തിലായി സ്വയം നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് എപ്പോൾ വാക്‌സിനെടുക്കാനാവും?

സമ്പർക്കത്തിലായവർ 7 ദിവസത്തെ സ്വയം നിരീക്ഷണത്തിന് ശേഷം ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്നുറപ്പാക്കി വാക്‌സിനെടുക്കുക

 ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വാക്‌സിനെടുക്കാനാവുമോ?

നിലവിലെ മാർഗ രേഖ അനുസരിച്ച് ഇവർക്കും വാക്‌സിനെടുക്കാൻ കഴിയും

 കൊവിഡ് വാക്‌സിനെടുത്താൽ മറ്റ് രോഗങ്ങൾക്കുള്ള വാക്‌സിൻ എടുക്കാൻ കഴിയുമോ?

കഴിയും. വാക്‌സിനുകൾ എടുക്കുന്നത് ഒരു മാസത്തെ ഇടവേളയിലായിരിക്കണം

 വീട്ടിലെ ഒരംഗം കൊവിഡ് പോസിറ്റീവ് ആകുമ്പോൾ രണ്ടു ഡോസ് വാക്‌സിനും എടുത്ത മറ്റ് അംഗങ്ങൾ എന്തൊക്കെ ശ്രദ്ധിക്കണം?

കൊവിഡ് രോഗി ഹോം ഐസോലേഷനിൽ കഴിയുന്നുണ്ടെങ്കിൽ വാക്‌സിനെടുത്തവരാണെങ്കിൽ പോലും വീട്ടിലെ അംഗങ്ങൾ രോഗിയുമായോ രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായോ സമ്പർക്കത്തിൽ വരരുത്

 രണ്ടു ഡോസ് വാക്‌സിനും എടുത്തു കഴിഞ്ഞാൽ പൂർണ്ണ സുരക്ഷ ഉറപ്പാക്കാനാവുമോ?

വാക്‌സിൻ രണ്ടുഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാൽ രോഗത്തിനെതിരെ മികച്ച പ്രതിരോധം ലഭിക്കും. എന്നാൽ വാക്‌സിനെടുത്താലും രോഗം വരാതിരിക്കാൻ മാസ്‌ക് ശരിയായി ധരിച്ച് കൈകൾ അണുവിമുക്തമാക്കി സാമൂഹിക അകലം പാലിച്ച് പ്രതിരോധ പാഠങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.

 രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് എങ്ങനെ സർട്ടിഫിക്കറ്റ് ലഭിക്കും?

രജിസ്‌ട്രേഷൻ ചെയ്ത സൈറ്റിൽ രണ്ടു ഡോസും സ്വീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാണ്. സർട്ടിഫിക്കറ്റ് എന്നതിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്ത് പ്രിൻറെടുക്കാൻ കഴിയും. (വാക്‌സിനേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് 0477 2239999/ ദിശ 1056/ ദിശ 104 വിളിക്കുക.)