photo
തണ്ണീർമുക്കം ഹൗസ് ബോട്ട് ടെർമിനൽ

ചേർത്തല: നിർമ്മാണം പൂർത്തിയായി 4വർഷം പിന്നിട്ടിട്ടും കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ തണ്ണീർമുക്കത്തെ ഹൗസ് ബോട്ട് ടെർമിനൽ വെറുതെയായി. തീരദേശ പരിപാലന നിയമപ്രകാരമുള്ള അനുമതി ലഭിക്കാത്തതാണ് ടെർമിനലിന് കെട്ടിട നമ്പർ വൈകാൻ കാരണം. നമ്പർ കിട്ടിയാൽ മാത്രമേ വൈദ്യുതി, വാട്ടർ കണക്ഷനുകൾക്ക് അപേക്ഷ നൽകാൻ കഴിയുകയുള്ളൂ. ടെർമിനലിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ടൊയ് ലറ്റ് മാറ്റിയ ശേഷം പുതിയ പ്ലാൻ നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് നൽകിയിട്ടുണ്ട്. സി.ആർ.ഇസഡ് അനുമതി അധികം വൈകാതെ ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

പുതിയ സർക്കാർ അധികാരമേറ്റ ശേഷം ഉദ്ഘാടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി തണ്ണീർമുക്കം പഴയ ബസ് സ്​റ്റാൻഡിനും ബോട്ട് ജെട്ടിക്കും സമീപത്തായി വേമ്പനാട് കായൽ തീരത്താണ് ടെർമിനൽ നിർമ്മിച്ചിട്ടുള്ളത്. ആറ് ഹൗസ്‌ബോട്ടുകൾക്ക് ഒരേ സമയം അടുക്കാൻ കഴിയും വിധമാണ് രൂപകല്പന. ഇതോടനുബന്ധിച്ച് റസ്‌​റ്റോറന്റും വിശ്രമകേന്ദ്രവും അടക്കമുള്ള സൗകര്യങ്ങളും ഒരുക്കി. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ തണ്ണീർമുക്കം ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കും.

തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിർമ്മാണം പൂർത്തിയായി പാലം തുറന്നുകൊടുത്തെങ്കിലും 4വർഷം മുമ്പ് പൂർത്തിയായ ടെർമിനൽ ഇപ്പോഴും ഉപയോഗ ശൂന്യം. രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമായി ഇവിടം മാറിയിട്ടുണ്ട്. ഉദ്ഘാടനം നീണ്ടുപോകുന്നതോടെ കെട്ടിടത്തിന് ഉൾപ്പെടെ നാശം സംഭവിച്ചു തുടങ്ങി. ജില്ലയിൽ തണ്ണീർമുക്കം,തോട്ടപ്പള്ളി, പള്ളാത്തുരുത്തി,നെടുമുടി,കഞ്ഞിപ്പാടം,കരുമാടി എന്നിവിടങ്ങളിലാണ് ഹൗസ് ബോട്ട് ടെർമിനലുകൾ നിർമ്മിച്ചത്. തണ്ണീർമുക്കം വികസന സമിതിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് തണ്ണീർമുക്കത്ത് ടെർമിനൽ സ്ഥാപിച്ചത്.

 ആസ്വാദനത്തിന്റെ മറ്റൊരു മുഖം

കുട്ടനാടൻ മേഖലകളിൽ നിന്നെത്തുന്നവർക്ക് തണ്ണീർമുക്കത്ത് ഇറങ്ങാനും മൺചിറകളിൽ ചു​റ്റി സഞ്ചരിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ബണ്ടിന്റെയും കായലിന്റെയും സൗന്ദര്യം ആസ്വദിക്കാനും ഹൗസ് ബോട്ട് ടെർമിനൽ സഹായകരമാകും. എറണാകുളം,കുമരകം എന്നിവിടങ്ങളിൽ നിന്നെത്തുന്ന വിദേശ ടൂറിസ്​റ്റുകൾക്ക് തണ്ണീർമുക്കത്ത് നിന്ന് ഹൗസ് ബോട്ടിൽ സഞ്ചാരം ആരംഭിക്കാമെന്നതാണ് മ​റ്റൊരു പ്രത്യേകത. നിലവിൽ വിനോദ സഞ്ചാരികൾ കിലോമീ​റ്ററുകൾ സഞ്ചരിച്ച് ആലപ്പുഴയിലെത്തിയാണ് കായൽ യാത്ര ആരംഭിക്കുന്നത്.

...................................

തണ്ണീർമുക്കം ഹൗസ്ബോട്ട് ടെർമിനൽ

 2015 ജൂണിൽ നിർമ്മാണം ആരംഭിച്ചു

 പൂർത്തിയായത് 2017 ജൂണിൽ

 ചെലവ് 1.67 കോടി

 ആറ് ഹൗസ്‌ബോട്ടുകൾക്ക് ഒരുമിച്ച് അടുക്കാം

 റസ്​റ്റോറന്റും വിശ്രമകേന്ദ്രവും