തുറവൂർ: അന്ധകാരനഴി പൊഴിമുഖം മുറിച്ചതിനെ തുടർന്ന് കടലിലേക്ക് നീരൊഴുക്ക് സുഗമമായതോടെ മേഖലയിലെ വെള്ളക്കെട്ടിന് താത്കാലിക പരിഹാരമായി. പട്ടണക്കാട് പഞ്ചായത്തിന്റെ സഹകരണത്തോടെ മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിലായിരുന്നു ജെ.സി.ബികൾ ഉപയോഗിച്ചു മണൽതിട്ട നീക്കി പൊഴി മുറിച്ചത്.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് കടക്കരപ്പള്ളി, വയലാർ, പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് കളക്ടറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് അന്ധകാരനഴി പൊഴി മുറിച്ചത്. വേലിയിറക്ക സമയത്ത് നീരൊഴുക്ക് ശക്തമാണെങ്കിലും വേലിയേറ്റ സമയത്ത് കടൽവെള്ളം കരയിലേക്ക് കയറുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നൂറ് കണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാണ്. കടലിലേക്കുള്ള നീരൊഴുക്ക് തടസപ്പെട്ടാൽ വെള്ളക്കെട്ട് ദുരിതം തുടരാനാണ് സാദ്ധ്യത.