ആലപ്പുഴ: കൊവിഡ് കെയർ സെന്ററുകളായ ചില ആശുപത്രികളിൽ ജീവനക്കാരുടെ നിസഹകരണം ബുദ്ധിമുട്ടുണ്ടാക്കുന്നതായി രോഗികളും കൂട്ടിരിപ്പുകാരും പരാതിപ്പെടുന്നു.
പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങി മറ്റ് അസുഖങ്ങൾക്കുള്ള രക്ത പരിശോധനകളടക്കം കൃത്യ സമയത്ത് നടത്തുന്നതിൽ ജീവനക്കാർ അലംഭാവം കാണിക്കുന്നതായും പരാതിയുണ്ട്. പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ കൊവിഡ് കെയർ കേന്ദ്രങ്ങളായി മാറിയ ആശുപത്രികളിലാണ് പ്രശ്നമുള്ളത്. രാവിലത്തെ റൗണ്ട്സിന് ശേഷം പലപ്പോഴും കൊവിഡ് വാർഡിലേക്ക് ഡോക്ടമാരും നഴ്സുമാരും തിരിഞ്ഞുനോക്കാറില്ലത്രെ. അസ്വസ്ഥതകൾ ഉള്ളതായി അറിയിച്ചിട്ടും ജീവനക്കാർ ഗൗനിക്കാത്തതിനെ തുടർന്ന് രോഗിയെ രാത്രി 2 മണിക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായതായി കൂട്ടിരുപ്പുകാരിയായ യുവതി പറയുന്നു. തദ്ദേശ സ്ഥാപനങ്ങൾ വഴി അയയ്ക്കുന്നവരെയും വോളണ്ടിയറായി എത്തുന്ന ജീവനക്കാരെയും കൊവിഡ് വാർഡിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുണ്ട്. ഡോക്ടർമാർക്കൊപ്പമുള്ള റൗണ്ട്സ് സമയത്ത് എത്തുന്ന സ്റ്റാഫ് നഴ്സുമാർ പിന്നീട് വാർഡുകളിൽ പോകാൻ മടി കാണിക്കുന്നതായി ഇതര ജീവനക്കാർ തന്നെ ആക്ഷേപം ഉന്നയിക്കുന്നു. അതേ സമയം കൊവിഡ് വാർഡുകളിൽ യാതൊരു പരാതിക്കും ഇടവരാത്ത തരത്തിൽ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഒറ്റപ്പെട്ട സംഭവങ്ങളാണ് പരാതിക്ക് ഇടയാക്കുന്നതെന്നും മികച്ച സേവനമാണ് നൽകിക്കൊണ്ടിരിക്കുന്നതെന്നും നഴ്സുമാർ പറയുന്നു.