ആലപ്പുഴ: ധീവര സമുദായ അംഗവും മത്സ്യത്തൊഴിലാളി നേതാവുമായ പി.പി.ചിത്തരഞ്ജനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിൽ ധീവരസഭ പ്രതിഷേധിച്ചു. സി.ഐ.ടി.യു മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറിയും കേരള ഫിഷറീസ് കോ ഓർഡിനേഷൻ ജനറൽ കൺവീനറുമായ ചിത്തരഞ്ജനെ ഒഴിവാക്കിയത് മത്സ്യമേഖലയോടും ധീവര സമുദായത്തോടുമുള്ള അവഗണനയാണ്. പുതുമുഖങ്ങൾക്ക് പ്രാതിനിധ്യം നൽകി എന്ന് അവകാശപ്പെടുമ്പോൾ പുതുമുഖമായ ചിത്തരഞ്ജനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.