photo
പ്രളയജലം കവർന്നെടുത്ത ജൈവ പച്ചക്കറിയുമായി ജനാർദ്ദനൻ

ആലപ്പുഴ: തോരാമഴയി​ലും കാറ്റി​ലും വെള്ളംകെട്ടി​ നി​ന്ന് ചെന്നിത്തലയിൽ ജൈവപച്ചക്കറിയും വിളവ് പ്രായമായ എള്ളുകൃഷിയും നശിച്ചു. ചെന്നിത്തല പഞ്ചായത്ത് തെക്കുംമുറി 18-ാം വാർഡിൽ കാരിക്കുഴി നാങ്കേരി പടീറ്റതിൽ ജനാർദ്ദനന്റെ നാലേക്കറിലെ ജൈവ പച്ചക്കറിത്തോട്ടവും മൂന്നാം വാർഡിൽ ഇരമത്തൂർ ദീപശ്രീ കുടുംബശ്രീയുടെ 11 ഏക്കർ എള്ള് കൃഷിയുമാണ് പൂർണമായും നശിച്ചത്.

ജനാർദ്ദനൻ കഴിഞ്ഞ 38 വർഷമായി കൃഷി പരിപാലന ജീവിതം തുടങ്ങിയിട്ട്. സ്വന്തമായി കൃഷി ഭൂമി ഇല്ലെങ്കിലും വിവിധയിടങ്ങളിലുള്ള പുരയിടങ്ങൾ പാട്ടത്തിനെടുത്താണ് ജൈവകൃഷി തോട്ടം നടത്തുന്നത്. നാലേക്കറിൽ വിളവെടുക്കാൻ പാകമായ പടവലങ്ങ, പാവയ്ക്ക, വെള്ളരിക്ക, വഴുതന തുടങ്ങി​യ പച്ചക്കറി​കളും കാച്ചിൽ കൂടാതെ ഏത്ത, ഞാലിപ്പൂവൻ, പാളയൻ തോടൻ, ടിഷ്യൂകൾച്ചർ വാഴകൾ ഉൾപ്പെടെയാണ് വെള്ളം കയറി നശിച്ചത്. ശക്തമായ കാറ്റിൽ പടവലങ്ങയുടെ പന്തലും ഏത്തവാഴകളും നിലംപൊത്തി. വിവിധയിടങ്ങളിലുള്ള കൃഷിയിടങ്ങളിൽ സൈക്കിളിൽ സഞ്ചരിച്ചാണ് കൃഷി പരിപാലനം നടത്തുന്നത്. യഥാസമയങ്ങളിൽ ജൈവവളം മാത്രം ചെയ്ത് വിളവെടുക്കാൻ പാകത്തിലാക്കിയ പച്ചക്കറികൾ ഒന്നടങ്കം നശിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ജനാർദ്ദനൻ. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തും പലിശയ്ക്ക് പണം കടം വാങ്ങിയുമാണ് കൃഷിയിറക്കിയത്. കൃഷി നാശം സംബന്ധിച്ച് കൃഷി ഓഫീസിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും ജനാർദ്ദനൻ പറഞ്ഞു.

# 11 ഏക്കറി​ലെ എള്ള് കൃഷി നശിച്ചു

ശക്തമായ മഴയിൽ വിളവെടുപ്പ് പ്രായമായ എള്ള് കൃഷി നശിച്ചു. ചെന്നിത്തല പഞ്ചായത്ത് മൂന്നാം വാർഡിൽ ഇരമത്തൂർ ദീപശ്രീ കുടുംബശ്രീയുടെ 11 ഏക്കർ എള്ള് കൃഷിയാണ് വെള്ളം കയറി നശിച്ചത്. വിവി​ധ​യിടങ്ങളിലുള്ള സ്വകാര്യ വ്യക്തികളുടെ നിലങ്ങൾ പാട്ടത്തിനെടുത്ത് ഒന്നേകാൽ ലക്ഷം രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. വിളവെടുപ്പ് പാകമായ എള്ള് ചെടികൾ വെള്ളത്തിൽ മുങ്ങി അഴുക്കിയ നിലയിലാണ്. സുഭദ്ര ഗോപി, സിന്ധു മനു, സുജാത, അംബുജാക്ഷി, ശാന്ത, ശ്രീമതി എന്നിവരായിരുന്നു കൃഷി പരിപാലി​ച്ചി​രുന്നത്.