ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ പ്രദേശത്തും പോസിറ്റീവായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാൻ ഡി.വൈ.എഫ്.ഐ ജില്ലയിലാകെ 'സ്നേഹവണ്ടികൾ' നിരത്തിലിറക്കുന്നു. ബ്ലോക്ക് കമ്മിറ്റികളുടെയും മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് സ്നേഹവണ്ടികൾ ഓടുന്നത്. ജില്ലയിലാകെ നിലവിൽ 110 വണ്ടികളാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങൾക്ക് സഹായവുമായെത്തുന്നത്. ഡി.വൈ.എഫ്.ഐ അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 13 സ്നേഹ വണ്ടികൾ യാത്ര ആരംഭിച്ചു.
സ്നേഹയാത്ര ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ.ആർ.രാഹുൽ ഫ്ലാഗ് ഒഫ്ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സി.ശ്യംകുമാർ,ബ്ലോക്ക് സെക്രട്ടറി വി.കെ സൂരജ്, പ്രസിഡന്റ് എൻ. നിഷാന്ത് എന്നിവർ പങ്കെടുത്തു.