പൂച്ചാക്കൽ: കൊവിഡും മഴയും മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാൻ പള്ളിപ്പുറം ആദരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുന്നു.
ചേർത്തല താലൂക്കിലെ പന്ത്രണ്ടു പഞ്ചായത്തുകളിലും പി.പി.ഇ കിറ്റുകളും, പൾസ് ഓക്സിമീറ്ററുകളും ഭക്ഷ്യ കിറ്റുകളും ഉൾപ്പെടെയുള്ളവ എത്തിച്ചുകഴിഞ്ഞു. രോഗബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പഴവർഗ്ഗങ്ങളും ബ്രെഡുമടങ്ങിയ കിറ്റുകളും മരുന്നുകളും നൽകുന്നുണ്ട്. ഓരോ പ്രദേശത്തേയും ആവശ്യമനുസരിച്ചാണ് സഹായം നൽകുന്നത്. ദിവസവും രാവിലെ ആറിന് ഭക്ഷ്യ കിറ്റുകളും കൊവിഡ് പ്രതിരോധ സാമഗ്രികളുമായി ചെയർമാൻ ഒ.സി. വക്കച്ചൻറ്റെ നേതൃത്വത്തിലുള്ള ടീം പള്ളിപ്പുറത്തു നിന്നു പുറപ്പെടും. കോളനികളിലും കായലോര പ്രദേശങ്ങളിലും അർഹരായ മുഴുവൻ ആളുകളെയും നേരിൽ കാണും. അരൂക്കുറ്റി, പെരുമ്പളം തൈക്കാട്ടുശേരി, പാണാവള്ളി എന്നിവിടങ്ങളിൽ സൊസൈറ്റിയുടെ യൂണിറ്റുകളുണ്ട്. ഓരോ പ്രദേശത്തേയും ജീവകാരുണ്യ പ്രവർത്തകരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിനകം മൂവായിരത്തോളം ഭക്ഷ്യ കിറ്റുകളും കൊവിഡ് പ്രതിരോധ സാമഗ്രികളും വിതരണം ചെയ്തെന്ന് വക്കച്ചൻ പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത്, വസ്ത്രവും ഭക്ഷ്യ കിറ്റും ഉൾപ്പെടെ പതിമൂന്ന് ലക്ഷം രൂപയുടെ സഹായമാണ് നൽകിയത്.