മാവേലിക്കര: കല്ലിമേൽ കളയ്ക്കാട്ട് പരേതരായ ഉണ്ണുണ്ണിയുടെയും പെണ്ണമ്മയുടെയും മകൻ കെ.ഒ.ജോർജിൻറ്റെ (ബെന്നി–57) മൃതദേഹം അച്ചൻകോവിലാറ്റിൽ കഴിഞ്ഞ ദിവസം വാൻ മറിഞ്ഞ സ്ഥലത്തിനു സമീപത്തു നിന്ന് കണ്ടെത്തി. കൊല്ലകടവ് പാലത്തിന് പടിഞ്ഞാറ് പുത്തൻപാലത്ത് കടവിന് സമീപം ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്.
ജോർജിന്റെ കൈ ഒടിഞ്ഞ നിലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ മുറിവുകളും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ശനിയാഴ്ച വൈകിട്ട് ഇവിടെ നിയന്ത്രണം വിട്ട വാൻ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് വാൻ ഓടിച്ചിരുന്ന യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോഡിലൂടെ നടന്നു പോകുകയായിരുന്ന ജോർജിനെ വാൻ ഇടിച്ച് തെറിപ്പിച്ചതാണോയെന്ന് സംശയിക്കുന്നുണ്ട്. കൊവിഡ് പരിശോധന ഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ കാരണമറിയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. ജോർജിന്റെ ഭാര്യ മോളമ്മ. മക്കൾ ബെറ്റി ജോർജ്, ബിറ്റു ജോർജ്.