ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ഡൊമിസിലറി കൊവിഡ് സെന്ററിന്റെ (ഡി.സി.സി) ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് നിയുക്ത എം.എൽ.എ പി. പ്രസാദ് നിർവഹിക്കും. ചേർത്തല തെക്ക് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഡി.സി.സി തുടങ്ങുന്നത്. 100 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് പോസിറ്റീവ് ആകുന്നവർക്ക് വീടുകളിൽ ഐസൊലേഷനുള്ള സൗകര്യം ഇല്ലെങ്കിൽ അവരെ ഡി.സി.സിയിൽ പാർപ്പിക്കും. രോഗലക്ഷണമില്ലാതവരെയാണ് ഇവിടെ പാർപ്പിക്കുക. രോഗികൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ അവരെ സി.എഫ്.എൽ.ടി.സികളിലേക്ക് അയയ്ക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ പറഞ്ഞു.