road

ആലപ്പുഴ: കനാൽ നവീകരണത്തിനിടെ താഴ്ന്നു തുടങ്ങിയ ചുങ്കം - കല്ലുപാലം റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ ഇഴയുന്നു. ഒരുകൊല്ലമായി റോഡിന്റെ ഒരുഭാഗം കനാലിലേക്ക് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.

അടുത്തിടെയുണ്ടായ വേനൽമഴയിൽ കൂടുതൽഭാഗം വിണ്ടുകീറി. വൈദ്യുതിത്തൂണുകളും കനാലിലേക്കു ചരിഞ്ഞു. വാണിജ്യകനാൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെളിനീക്കുന്നതിനിടെയാണ് റോഡിന്റെ ഒരുഭാഗം ആദ്യമായി കനാലിലേക്കു താഴ്ന്നത്. പിന്നീട് പലതവണ റോഡു വിണ്ടുകീറി താഴുന്നത് തുടരുകയായിരുന്നു. റോഡ് തകർന്നതോടെ ഇതുവഴി ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെയും പ്രദേശവാസികളുടെയും വാഹനങ്ങൾ ആശങ്കയോടെയാണ് കടന്നുപോകുന്നത്. സെൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ച് രണ്ടുകൊല്ലത്തിനു മുൻപായിരുന്നു റോഡുനവീകരണം. ഇതു പൂർത്തിയായി ഒരുവർഷമായപ്പോഴാണ് കനാൽനവീകരണ ജോലികളുടെ ഭാഗമായി മണ്ണുനീക്കിയതോടെ റോഡു താഴ്ന്നത്. ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതും ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നിർദേശം ലഭിക്കാത്തതുമാണ് റോഡുനവീകരണം വൈകിക്കുന്നത്. മഴക്കാലത്ത് റോഡ് കൂടുതൽ അപകടകരമാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

 പുനർനിർമ്മിക്കണം

റോഡ് അപകടകരമാം വിധം ഇടിയുകയാണ്. ഈ സാഹചര്യത്തിൽ താഴെത്തട്ട് ബലപ്പെടുത്തി റോഡ് പുനർനിർമിക്കുകയേ വഴിയുള്ളൂ. മുൻപ് റോഡു താഴ്ന്നപ്പോൾ ചീഫ് ടെക്‌നിക്കൽ എക്സാമിനർ പരിശോധിച്ചതാണ്. പുതിയ സാഹചര്യത്തിൽ വീണ്ടും പരിശോധനകൾ നടന്നിരുന്നു. എന്നാൽ ഏതുരീതിയിൽ നിർമ്മിക്കണമെന്ന റിപ്പോർട്ട് ലഭ്യമാക്കിയിട്ടില്ല. സെൻട്രൽ റോഡ് ഫണ്ടിൽ നിർമ്മിച്ച റോഡ് ഗ്യാരണ്ടി കാലാവധിയിലാണ് താഴ്ന്നതെന്ന്‌ പൊതുമരാമത്ത് വകുപ്പ് അധികൃതർ പ്രതികരിച്ചു. ഈ സാഹചര്യത്തിൽ അവരുടെ അനുമതിയും തേടേണ്ടതുണ്ട്. മുൻപ് റോഡു താഴ്ന്നപ്പോൾ പുനർനിർമാണത്തിന് 12 ലക്ഷമാണ് അനുവദിച്ചിരുന്നത്. റോഡ് താഴുന്ന സാഹചര്യത്തിൽ ഇതു മതിയാകില്ല.