ചേർത്തല: സേവാഭാരതി മരുത്തോർവട്ടം യുണിറ്റിൻറ്റെ നേതൃത്വത്തിൽ മരുത്തോർവട്ടത്തിനായി കരുതൽ പദ്ധതിക്ക് തുടക്കംകുറിച്ചു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 17,18,19 വാർഡുകളിലായി കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും അഗതി ആശ്രയ പദ്ധതിയിൽപ്പെടുന്നവർക്കും രണ്ടാഴ്ചത്തേക്കുള്ള കരുതൽ ഭക്ഷ്യ കിറ്റുകളും മാസ്‌കുകളുമാണ് വിതരണം ചെയ്യുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡ് ബാധിതരുടെ വീടുകളും പരിസരങ്ങളും അണുമുക്തമാക്കാനും കൊവിഡ് ബാധിച്ച് മരണം സംഭവിക്കുന്ന വീടുകളിലെ ചടങ്ങുകൾക്കുമായി 25 അംഗ സേവാഭാരതി വാളണ്ടിയർ ടീമും തയ്യാറായി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മരുന്നും വാഹന സൗകര്യവും സൗജന്യ ഭക്ഷണവും ഒരുക്കുന്നുണ്ട്. രോഗികൾക്കായി ടെലി മെഡിസിൻ സംവിധാനവും ഉണ്ടാകും. കരുതൽ കിറ്റുകളുടെ വിതരണോദ്ഘാടനം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് നിർവഹിച്ചു. ചടങ്ങിൽ അഭിലാഷ് മരുത്തോർവട്ടം അദ്ധ്യക്ഷത വഹിച്ചു. കോ- ഓർഡിനേറ്റർ പ്രശാന്ത്, മുരുകേഷ്, ജെ.പി. വിനോദ്,രാജേഷ്, സൗമ്യ,വിനിഷ്,അനു, കണ്ണൻ, ഷാജി തൈപറമ്പിൽ എന്നിവർ സംസാരിച്ചു.