hospital
താമരക്കുളം വേടരപ്ലാവിലെ ഹോമിയോ ആശുപത്രി മുറിയിലെ ടൈൽ തറ പൊട്ടിയ നിലയിൽ

ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിലെ വേടരപ്ലാവ് 16-ാം വാർഡിൽ ഗവ.എൽ.പി.എസിനോട് ചേർന്നുള്ള ഹോമിയോ ആശുപത്രിയുടെ തറയിലെ ടൈലുകൾ ഇടിഞ്ഞു താഴ്ന്നു.

പ്രദേശവാസി സൗജന്യമായി നൽകിയ സ്ഥലത്ത് ജില്ലാ പഞ്ചായത്ത് 2015-16 വർഷത്തെ പദ്ധതിയിൽ 15 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് മുറികളും ശുചി മുറിമുറിയുമുള്ള കെട്ടിടം നിർമ്മിച്ചത്. 2017ൽ ഉദ്ഘാടനം ചെയ്തതോടെ വാടകക്കെട്ടിടത്തിൽ നിന്നു ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.

ഇന്നലെ രാവിലെ രോഗികളെ കാണാൻ തയ്യാറെടുക്കുമ്പോഴാണ് ടൈലിട്ട തറഭാഗം ഇടിഞ്ഞു താഴ്ന്നതെന്ന് ഡോ.ലക്ഷ്മി പറഞ്ഞു. തറയിൽ പാകിയിരുന്ന ടൈലുകൾ ഇളകിമാറി. എന്നാൽ സ്റ്റോർ മുറിയുടെ തറയ്ക്ക് കുഴപ്പമുണ്ടായിട്ടില്ല. വിവരമറിഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ, അംഗങ്ങളായ വി.പ്രകാശ്, അനിലാ തോമസ്, സെക്രട്ടറി കെ.ബിജു എന്നിവർ സ്ഥലത്തെത്തി. എൻജിനീയറിംഗ് വിഭാഗം ഉദ്യേഗസ്ഥർ എത്തി കെട്ടിട പരിശോധന നടത്തി. മുറിയുടെ അടിഭാഗത്തെ മണ്ണ് നീങ്ങിയതാണ് തറയിടിഞ്ഞു താഴാൻ കാരണമായതെന്നും കെട്ടിടത്തിന് ബലക്ഷയമുണ്ടായിട്ടില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. ആശുപത്രിയുടെ പ്രവർത്തനം താത്കാലികമായി സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് പ്രസിഡന്റ് പറഞ്ഞു.