ചേർത്തല: കമ്മ്യൂണിസ്റ്റ് സർക്കാരുകൾ അധികാരത്തിലേറുമ്പോഴുള്ള പതിവു തെറ്റിക്കാതെ, മുഖ്യമന്ത്റി പിണറായി വിജയനും സി.പി.എമ്മിലെയും സി.പി.ഐയിലെയും നിയുക്ത മന്ത്രിമാരും ഇന്ന് രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കെത്തും. രാവിലെ 9ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകർ എത്തുന്നത് വിലക്കിയിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകർക്കും നിശ്ചയിച്ചിരിക്കുന്ന എൽ.ഡി.എഫ് നേതാക്കളും മാത്രമായിരിക്കും പങ്കെടുക്കുക. പത്തുമിനിട്ടിൽ ചടങ്ങ് പൂർത്തിയാക്കും. മഴയ്ക്കു സാദ്ധ്യതയുള്ളതിനാൽ പ്രത്യേക ക്രമീകരണങ്ങൾ രക്തസാക്ഷി മണ്ഡപത്തിൽ ഒരുക്കിയിട്ടുണ്ട്. വയലാറിലെ ചടങ്ങുകൾക്കു ശേഷം ആലപ്പുഴ വലിയചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തും.