ambala
തകഴി ഭാഗത്ത് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിലുണ്ടായ പൊട്ടൽ പരിഹരിക്കാനുള്ള ശ്രമം

അമ്പലപ്പുഴ: തകഴി ജംഗ്ഷനിൽ കഴിഞ്ഞ ദിവസങ്ങളിലായി ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പലുണ്ടായ പൊട്ടൽ പരിഹരിക്കാൻ അറ്റകുറ്റപ്പണികൾ തുടങ്ങി. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി ഫെഡറൽ ബാങ്ക് ശാഖയുടെ സമീപമാണ് മൂന്ന് ദിവസം മുമ്പ് കുടിവെളള പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. 57-ാമത്തെ തവണയാണ് പൈപ്പുപൊട്ടുന്നത്.

ചോർച്ചയുണ്ടായ ഭാഗം വാട്ടർ അതോറിട്ടി അധികൃതർ എത്തി പരിശോധിച്ചിരുന്നു. തകഴി ലെവൽ ക്രോസിനും തകഴി കേളമംഗലത്തിനും ഇടയിൽ നിരന്തരം പൊട്ടുന്ന 1520 മീറ്റർ ഭാഗത്തെ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ കഴിഞ്ഞ വർഷം 2020 ഫെബ്രുവരിയിലാണ് തീരുമാനം ഉണ്ടായത്. ഇതനുസരിച്ച് കഴിഞ്ഞ ആഗസ്റ്റിൽ പൈപ്പുകൾ എത്തിച്ചിരുന്നു. കിഫ് ബിയുടെ നിയന്ത്രണത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച പാത കുഴിക്കാനുള്ള കാലതാമസമാണ് പൊട്ടിയ പൈപ്പുകൾ മാറ്റി പുതിയവ ഇടാൻ വൈകുന്നത്. ഒരു തവണ പൊട്ടിയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കാൻ ജല അതോറിട്ടിക്ക് അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്. വാൽവുകളിലെ ചോർച്ചയിലൂടെ ദിവസവും മൂവായിരം ലിറ്റർ ശുദ്ധജലമാണ് പാഴാകുന്നതെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു.