ആലപ്പുഴ: കൊവിഡ് സാഹചര്യം വിലയിരുത്താനായി നഗരസഭാദ്ധ്യക്ഷ സൗമ്യ രാജിൻറ്റെ അദ്ധ്യക്ഷതയിൽ കൗൺസിലർമാരുടെ ഓൺലൈൻ മീറ്റിംഗ് നടത്തി. വാർഡ് തല ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്താനും കണ്ടൈൻമെൻ്റ് സോണുകളിലും കേസുകൾ അധികരിക്കുന്ന ഇടങ്ങളിലും നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കും. ലോക്ക് ഡൗൺ ലംഘനം നടത്തുന്നവർക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പൊലീസിനോടും സെക്ടറൽ മജിസ്ട്രേറ്റുമാരോടും ആവശ്യപ്പെടും.

വരുന്ന ആഴ്ചയിൽ, പി.പി.ഇ കിറ്റ് ധരിച്ച ജാഗ്രതാ സമിതി അംഗങ്ങൾ കൊവിഡ് പോസിറ്റീവായവരുടെ വീടുകൾ സന്ദർശിക്കും. മൺസൂൺ കാലത്ത് വെള്ളപ്പൊക്കമുണ്ടായാൽ വീടുകളിൽ കഴിയുന്ന പോസിറ്റീവ്, ക്വാറൻറ്റൈൻ, കിടപ്പുരോഗികൾ എന്നിവരുടെ പുനരധിവാസത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുമരാമത്ത്,ഇറിഗേഷൻ,വൈദ്യുതി,അഗ്നിശമന,ജല അതോറിട്ടി, വനം,പൊലീസ് വിഭാഗങ്ങളുടെ സംയുക്ത യോഗം വെള്ളിയാഴ്ച കൂടും. പൊതു ഇടങ്ങളിൽ അപകടകരമാം വിധം നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുവാൻ അതത് വകുപ്പുകളോടും പുരയിടങ്ങളിൽ അപകടകരമാം വിധം നിൽക്കുന്ന മരങ്ങളോ ശിഖരങ്ങളോ നീക്കം ചെയ്യാൻ ഉടമകളോടും യോഗം ആവശ്യപ്പെട്ടു. 16 വയസിൽ താഴെയുള്ള കുട്ടികൾക്കായി നഗരസഭ നടത്തുന്ന വാതിൽപ്പടി ബോധവത്കരണ മത്സരം കളിയല്ല കാര്യം 31 വരെ ദീർഘിപ്പിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ,കെ.ബാബു,ബീന രമേശ്,ആർ.വിനീത,ബിന്ദു തോമസ്,ഇല്ലിക്കൽ കുഞ്ഞുമോൻ എം.ആർ പ്രേം, റീഗോ രാജു, നസീർ പുന്നയ്ക്കൽ,എം.ജി. സതീദേവി,ഹരികൃഷ്ണൻ,രതീഷ്, സലിം മുല്ലാത്ത് തുടങ്ങിയവർ സംസാരിച്ചു.