മാവേലിക്കര: കഴിഞ്ഞ ദിവസം അച്ചൻകോവിലാറ്റിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ വാഹനാപകടമാണെന്നു സ്ഥിരീകരിച്ചു.

തഴക്കര കല്ലിമേൽ കളയ്ക്കാട്ട് പരേതരായ ഉണ്ണുണ്ണിയുടെയും പെണ്ണമ്മയുടെയും മകൻ കെ.ഒ.ജോർജിന്റെ (ബെന്നി–56) മരണകാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് സ്ഥിരീകരണമുണ്ടായതെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ.ജോസ് പറഞ്ഞു.

കൊല്ലകടവ് പാലത്തിനു പടിഞ്ഞാറ് പുത്തൻപാലത്ത് കടവിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് ജോർജിന്റെ മൃതദേഹം കാണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ജോർജിനെ കാണാനില്ലായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലോടെ നിയന്ത്രണം വിട്ട ഒരു വാൻ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാൻ ഓടിച്ചിരുന്ന കുന്നം തൊടുകയിൽ അനന്തുവിനെ (24) രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം കണ്ടെത്തിയ ശേഷം, പൊലീസ് ആശുപത്രിയിൽ ചികിത്സയിലുള്ള അനന്തുവിന്റെ മൊഴി എടുത്തപ്പോൾ വാൻ ആരെയോ ഇടിച്ചതായി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. റോഡിലെ വെള്ളക്കെട്ടിന് സമീപത്തുവച്ച് നിയന്ത്രണം വിട്ട വാൻ അച്ചൻകോവിലാറിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുയർന്ന് സമീപത്തെ മരത്തിലും ഇടിച്ച ശേഷം ആറ്റിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് മൃതദേഹം കാണപ്പെട്ടത്.