hospital
പുളിങ്കുന്ന് താലൂക്ക് ആശുപത്രി

കുട്ടനാട്: രൂക്ഷമായ വെള്ളപ്പൊക്കത്തി​ൽ പ്രവർത്തനം നടത്താനാകാതെ പുളിങ്കുന്ന് താലൂക്ക് ആശുപത്രി അടച്ചുപൂട്ടി​. ഇതോടെ ജനങ്ങൾക്ക് സാധാരണ അസുഖങ്ങൾക്കുപോലും ജി​ല്ലാ ആശുപത്രി​യെയോ മെഡി​ക്കൽ കോളേജ് ആശുപത്രി​യേയോ ആശ്രയി​ക്കേണ്ട സ്ഥിതി​യായി​.

വർഷങ്ങൾക്കുമുൻപേ ആവി​ഷ്കരി​ച്ച വി​കസന പദ്ധതി​കളൊന്നും നടത്താതി​രുന്ന അധി​കൃതരുടെ നി​ലപാടുകളാണ് ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഇപ്പോൾ ആക്ഷേപമുയരുന്നത്.

പുളിങ്കുന്ന്, കണ്ണാടി, കാവാലം, മങ്കൊമ്പ് , വെളിയനാട് തുടങ്ങിയ പ്രദേശങ്ങളിലെ നൂറ് കണക്കിന് ആളുകൾക്കാണ് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. മഴയും വെള്ളപ്പൊക്കവും മൂലം പ്രധാനറോഡുകളെല്ലാം വെള്ളംകയറുകയും വാഹന സൗകര്യംപോലും ലഭ്യമാകാത്ത അവസ്ഥയാണ്. പ്രായമേറിയവരും കൊച്ചുകുട്ടികളുമുൾപ്പെടയുള്ളവരെ ദൂരസ്ഥലങ്ങളി​ലേയ്ക്ക് ചികിത്സയ്ക്കായി​ എത്തി​ക്കുക ഇതോടെ വലിയ ബുദ്ധി​മുട്ടാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആശുപത്രി പരിസരമാകെ വെള്ളം നിറയുകയും പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തതോടെയായിരുന്നു ആശുപത്രി അടച്ചു പൂട്ടിയത്. പിന്നീട്. പുളിങ്കുന്ന് കെ ഇ കാർമൽ സ്‌ക്കൂൾ, സെന്റ്‌മേരീസ് ഐ ടി സി എന്നീ രണ്ടുകേന്ദ്രങ്ങളിലായ് താത്കാലിക ആശ്വാസമെന്ന നിലയിൽ ചില ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും കേവലം ഇവിടെ നിന്ന് ഒരു ക്ലിനിക്കിൽ നിന്നു ലഭിക്കുന്ന സേവനംപോലും ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

വെളിയനാട്‌ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലായ് വരുന്ന ഈ ആശുപ്ര്രതിക്ക് 2017-18ൽ 40കോടി രൂപയും 2019-20, 2020- 21 ബഡ്ജറ്റുകളിൽ 150കോടി രൂപയും പ്രഖ്യാപിച്ചിരുന്നതാണ്. . ഇതിന് പുറമെ രണ്ടാം കുട്ടനാട് പാക്കേജിലും ആശുപത്രിയുടെ വികസനത്തെക്കുറിച്ച് പരാമർശിച്ചിരുന്നു . 2019 ആഗസ്റ്റിൽ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുകയും ഇൻകൽ എന്ന കമ്പനി കരാറെടുക്കുകയും ചെയ്തിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കിയതിന് പുറമെ മണ്ണ് പരിശോധന കൂടി നടത്തിയെങ്കിലും പിന്നീടൊന്നും നടന്നില്ല. ഇതിനിടെ പുളിങ്കുന്ന് വലിയ പള്ളി ഒന്നര ഏക്കർ സ്ഥലം ആശുപത്രിയുടെ വികസനത്തിനായ് സൗജന്യമായ് വിട്ടുനൽകുകയും ചെയ്തിരുന്നു. .2020 സെപ്റ്റംബറിൽ സാങ്കേതിക അനുമതി ലഭിക്കുന്നതുമായ് ബന്ധപ്പെട്ട് വിദഗ്ദ്ധസംഘം ആശുപത്രി സന്ദർശിച്ചതൊഴിച്ചാൽ പിന്നീടൊന്നും തന്നെ സംഭവിച്ചില്ല. ഇത്ര നാളായിട്ടും ഡീറ്റയിൽഡ്‌പ്രോജക്ട് റിപ്പോർട്ടോ ആശുപത്രിയുടെ രൂപരേഖയോ കിഫ്ബിയ്ക്ക് സമർപ്പിക്കുവാൻ ഇൻകെൽ കമ്പനി തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. രണ്ടുവർഷമായിട്ടും റി​പ്പോർട്ട് സമർപ്പിക്കുവാൻ കമ്പനി തയ്യാറാകാത്തത് സാമ്പത്തിക അനുമതി ലഭിക്കുന്നതിന് തടസമായിരിക്കുകയാണെന്നും പറയുന്നു.

..................................

2018 ആഗസ്റ്റിൽ ലഭിച്ചതാണ് ആശുപത്രി​ വി​കസനത്തി​ന്റെ ഭരണാനുമതി. ഇതി​ന്റെ സമയം ഈ ആഗസ്റ്റോടെ കഴിയും. അതി​നാൽ എത്രയുംവേഗം റി​പ്പോർട്ട് സമർപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊളളാൻ അധികാരികൾ തയ്യാറാകണം. അല്ലെങ്കി​ൽ നല്ലൊരു താലൂക്ക് ആശുപത്രി എന്ന ഞങ്ങളുടെ സ്വപ്നം തകർന്നടിയും.

നാട്ടുകാർ

ആശുപത്രിയുടെ വികസനം എത്രയും പെട്ടന്ന് സാദ്ധ്യമാക്കുന്നതിനുള്ള നപടികളുടെ ഭാഗമായ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുകയും പ്രശ്നം എത്രയുംവേഗം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുകയുമാണ്. . മഴയും വെള്ളപ്പൊക്കവും കൊവിഡും കുട്ടനാട്ടിലെ സാധാരണക്കാരയാ ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. അവർക്ക് ആശ്വാസം പകരുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ രണ്ട് താത്കാലി​കകേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി​ ആലോചിച്ച് സ്വീകരിക്കും.

റോജി മണല വെളിയനാട്‌ ബ്ലോക്ക്

പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ