ആലപ്പുഴ: നഗരത്തിൽ ഒന്നല്ല, എട്ടു നടപ്പാലങ്ങളാണ് ആകെയുള്ളത്. എണ്ണം കൂടുതലുണ്ടെങ്കിലും ഇവയോരോന്നിന്റെയും അവസ്ഥ ഒന്നിനൊന്ന് പരിതാപകരമാണെന്നതാണ് യാഥാർത്ഥ്യം.
നടപ്പാലങ്ങളിലെ സഞ്ചാരം അത്യന്തം സാഹസികവും അപകടകരവുമായി മാറിയിട്ട് വർഷങ്ങൾ തന്നെയായി. കാലപ്പഴക്കവും കൃത്യമായ അറ്റകുറ്റപ്പണിയില്ലായ്മയുമാണ് പാലങ്ങളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.
നടപ്പാലമെന്നാൽ കാൽനട യാത്രക്കാർക്ക് കനാലിന്റെ ഒരുകരയിൽ നിന്ന് മറുകരയെത്താൻ നിർമിച്ചിട്ടുള്ള പാലം. കനാലുകൾക്ക് കുറുകേ സ്ഥാപിച്ച എട്ട് നടപ്പാലങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ഇരുമ്പ് പാലം, ജില്ലാക്കോടതി പാലം, കൊത്തുവാൽ ചാവടിപ്പാലം, നഗരസഭ ഓഫീസിന് സമീപം, കയർഫെഡിന്റെ സമീപം, ചുങ്കം ഫയർഫോഴ്‌സിന് സമീപം, ട്രാഫിക് സ്റ്റേഷനു സമീപം എന്നിവിടങ്ങളിലാണ് നടപ്പാലങ്ങൾ. ഇവയെല്ലാം നഗരസഭയും പൊതുമരാമത്ത് വകുപ്പും ജില്ലാ പഞ്ചായത്തും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാത്തതാണ് നാശത്തിലേക്ക് നയിക്കുന്നത്. പലപ്പോഴും വാർഷിക പദ്ധതികളിൽ അറ്റകുറ്റപണിക്കുള്ള പണം നീക്കിവയ്ക്കാറുമില്ല.
ഇരുമ്പുപാലം, ജില്ലാകോടതിപാലം എന്നിവയ്ക്ക് സമാന്തരമായി നിർമ്മിച്ചിട്ടുള്ള പൊലീസ് കൺട്രോൾ റൂമിന് സമീപത്തുള്ള പാലത്തിലാണ് എപ്പോഴും വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഇരുമ്പുപാലത്തിലെ തിരക്ക് കൂടി കാൽ നടയാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായി. തുടർന്ന് യാത്രക്കാരുടെ
പ്രതിഷേധം ശക്തമായപ്പോഴാണ് നിലവിലുള്ള പാലത്തിന് സമാന്തരമായി ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചുള്ള നടപ്പാലം നിർമ്മിച്ചത്. നിർമ്മാണ ചുമതല സിൽക്കിനായിരുന്നു. കൃത്യമായ അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ കാലപ്പഴക്കം മൂലം നടപ്പാലങ്ങൾ വേണ്ടത്ര ഉപയോഗിക്കാതെയായി. ഇതോടെ പലഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ചു. ഗുണനിലവാരം ഇല്ലാത്ത ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചുള്ള നിർമ്മാണമാണ് നടത്തിയതെന്ന് ആരോപണമുണ്ട്. നിലവിൽ കാൽനടയാത്രക്കാർക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ദ്രവിച്ചുറഞ്ഞ്
കൊത്തുവാൽ ചാവടി പാലം
കൊത്തുവാൽ ചാവടി പാലത്തിന് സമീപം കൊമേഴ്‌സ്യൽ കനാലിൽ നഗരസഭ നിർമ്മിച്ച നടപ്പാലം 20 വർഷമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പാലത്തിന്റെ ദ്രവിച്ച ഭാഗങ്ങൾ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ മോഷ്ടിച്ച് ആക്രിക്കടകളിൽ വിറ്റഴിച്ചിരുന്നു. മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 1990ൽ ആണ് ഫയർഫോഴ്‌സ് ഓഫീസിന് സമീപത്ത് നടപ്പാലം നിർമ്മിച്ചത്. മേൽഭാഗത്തെ ഇരുമ്പ് ഷീറ്റ് ദ്രവിച്ചതിനാൽ പാലത്തിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പാലം. മന്ത്രി തോമസ് ഐസക്കിന്റെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് ട്രാഫിക് സ്റ്റേഷന്റെ സമീപം നടപ്പാലം നിർമ്മിച്ചത്. കൃത്യമായി വാർഷിക അറ്റകുറ്റപ്പണി നടത്താത്തതിനാൽ തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്.
#തിരക്കിലും തുരുമ്പിക്കുന്നു
നഗരത്തിൽ ഏറ്റവും അധികം തിരക്കുള്ള ഭാഗമാണ് ജില്ലാക്കോടതി പാലം. ഇതിന് സമാന്തരമായി നടപ്പാലം നിർമ്മിച്ചെങ്കിലും രണ്ട് പതിറ്റാണ്ട് കാലമായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ നാശത്തിന്റെ വക്കിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി ഇല്ലാത്തതിനാൽ തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ് പാലം.