ആലപ്പുഴ: കൊവിഡും കാലവർഷവും ഇടിച്ചിടിച്ചു നിൽക്കവേ, ക്ഷീരമേഖല കലങ്ങിമറിയുന്നു. ജോലി നഷ്ടമായ പലരും പശുവളർത്തലിലേക്ക് ഇറങ്ങിത്തിരിച്ചതും അനുകൂല കാലാവസ്ഥയും പാൽ ലഭ്യത വർദ്ധിപ്പിച്ചെങ്കിലും സകല മേഖലയിലും ലോക്ക് വീണതോടെ പാൽ വിറ്റഴിക്കാനാവാതെ കഷ്ടപ്പെടുകയാണ് കർഷകർ.
കൊവിഡ് വ്യാപനം മൂലം വീടുകൾ കേന്ദ്രീകരിച്ചുള്ള പാൽ വില്പനയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഹോട്ടലുകൾ പാഴ്സൽ സർവീസിലേക്ക് ഒതുങ്ങിയതോടെ ചായയ്ക്ക് വേണ്ടി നിത്യേന വിറ്റഴിക്കപ്പെട്ടിരുന്ന പാലിന് ഡിമാൻഡ് കുറഞ്ഞു. ആളുകൂടാൻ പാടില്ലാത്തതിനാൽ വിവിധ സത്കാര ചടങ്ങുകൾ വഴി ലഭിച്ചിരുന്ന വരുമാനവും ഇല്ലാതായി. അവശ്യ സാധനങ്ങളുടെ പട്ടികയിൽപ്പെടുത്തിയിട്ടും കാലിത്തീറ്റയുടെ ലഭ്യതയിലുണ്ടായ കുറവും വിലക്കയറ്റവും തീറ്റപ്പുല്ലിന്റെ ക്ഷാമവും ക്ഷീരമേഖലയിൽ പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്.
ഇതിനിടെ കാലിത്തീറ്റയ്ക്ക് മിൽമ നൽകിയിരുന്ന 70 രൂപ ഡിസ്കൗണ്ട് പിൻവലിച്ചതും ഇരുട്ടടിയായി. വെള്ളം പൊങ്ങിയ പ്രദേശങ്ങളിൽ തീറ്റപ്പുല്ല് ചെത്തിയെടുക്കാനാവുന്നില്ല. അതിർത്തി കടന്നെത്താൻ വാഹനങ്ങളെ അനുവദിക്കാത്തത് കാലിത്തീറ്റ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന വൈക്കോലും കിട്ടാനില്ല. എറണാകുളത്തെ ഫാമുകളിൽ നിന്ന് പച്ചക്കറി അവശിഷ്ടങ്ങൾ ശേഖരിക്കുന്ന പതിവും ലോക്ക് ഡൗണിൽ വെള്ളത്തിലായി. ഇങ്ങനെപോയാൽ കൊവിഡ് കാലത്തെ അതിജീവിക്കാൻ ക്ഷീരമേഖലയ്ക്കാവുമോ എന്ന ആശങ്കയിലാണ് കർഷകർ.
പ്രളയത്തോടെ പാൽ ലഭ്യതയിൽ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടിരുന്നത്. മാസങ്ങൾ നീണ്ട പരിചരണത്തിനൊടുവിലാണ് കാലികൾ പഴയ നിലയിലെത്തിയത്. നല്ല രീതിയിൽ ആഹാരം കഴിച്ചു തുടങ്ങിയതോടെ പശുക്കളിൽ പാൽ വർദ്ധന പ്രകടമായിരുന്നു. എന്നാൽ കാലിത്തീറ്റ വരവ് നിലച്ചതോടെ വീണ്ടും കാര്യങ്ങൾ തകിടം മറിഞ്ഞു. ഫാമുകളെയാണ് കാലിത്തീറ്റ ക്ഷാമം കാര്യമായി ബാധിക്കുന്നത്. ഒന്നോ രണ്ടോ പശുക്കളെ വളർത്തുന്നവർ, അവയ്ക്ക് അത്യാവശ്യം ആഹാരം എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നില്ല. ഒന്നോ രണ്ടോ ദിവസമിരിക്കെ 50 കിലോയുടെ 50 ചാക്ക് കാലിത്തീറ്റ വരെ വാങ്ങാറുള്ള ഫാമുകൾ കടുത്ത പ്രതിസന്ധിയിലാണ്. വളർത്തുമൃഗങ്ങളിൽ കൊവിഡ് ബാധിച്ചതായി റിപ്പോർട്ടുകളില്ലെങ്കിലും കർഷകർ ആശങ്കയിലാണ്.കൈയുറകൾ ശീലമാക്കുന്നതിലും കറവ സ്ഥലത്തും പാൽ കൈകാര്യം ചെയ്യുന്നിടങ്ങളിലും സോപ്പും സാനിട്ടൈസറും ഉപയോഗിക്കുന്നതിലും കർഷകർ ശ്രദ്ധിക്കുന്നുണ്ട്.
# കാലിത്തീറ്റ വില
മിൽമ (50 കിലോ പെല്ലറ്റ്): 1300 - 1170 രൂപ
വൈക്കോൽ (ഒരു കെട്ടിന്): 180 രൂപ
.......................................
# കാമ്പയിനുമായി മിൽമ
ക്ഷീരകർഷകരെ സഹായിക്കാൻ മിൽമ കാമ്പയിന് തുടക്കമിട്ടു. ഗുണഭോക്താക്കൾ അര ലിറ്റർ പാൽ അധികം വാങ്ങി കർഷകർക്ക് കൈത്താങ്ങാവണം എന്നതാണ് കാമ്പയിൻ. ലോക്ക് ഡൗൺ വന്നതോടെ പാൽ വിതരണത്തിൽ 20 ശതമാനം കുറവുണ്ടായതായി മിൽമ അധികൃതർ പറഞ്ഞു. എന്നാൽ സംഭരണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഹോട്ടലുകളുടെ പ്രവർത്തനം നിജപ്പെടുത്തിയതും ചടങ്ങുകൾ ലഘൂകരിച്ചതുമാണ് പാൽ വിപണിയെ ബാധിച്ചത്.
..................
# മിൽമ പാൽ വിതരണം (പുന്നപ്ര ഡയറി)
ലോക്ക്ഡൗണിന് മുമ്പ്: പ്രതിദിനം 1.1 ലക്ഷം ലിറ്റർ
ലോക്ക്ഡൗണിൽ: പ്രതിദിനം 95,000 ലിറ്റർ
# സംഭരണം (പ്രതിദിനം)
ലോക്ക് ഡൗണിന് മുമ്പ് - 75000 ലിറ്റർ
ലോക്ക് ഡൗണിൽ - 90000 ലിറ്റർ
.................
ലോക്ക് ഡൗൺ വന്നതോടെ പാലിന് ആവശ്യക്കാർ കുറഞ്ഞു. വീട്ടിലെത്തി പാൽ വാങ്ങാൻ ആളുകൾക്ക് മടിയായി. എന്നാൽ ചെലവിന് യാതൊരു കുറവുമില്ല. കാലിത്തീറ്റയ്ക്ക് വില കൂടിക്കൊണ്ടിരിക്കുന്നു. പൊതുവിപണിയിൽ പാൽവില ലിറ്ററിന് 48 രൂപയാണെങ്കിലും ക്ഷീരസംഘങ്ങളിൽ ഗുണമേന്മയനുസരിച്ച് പരമാവധി 40 രൂപയാണ് ലഭിക്കുന്നത്
പി. മോഹൻദാസ്, ക്ഷീരകർഷകൻ