duck

എടത്വാ: തലവടിയിൽ താറാവു കർഷകരെ ആശങ്കയിലാക്കി താറാവുകൾ വീണ്ടും കൂട്ടത്തോടെ ചത്തൊടുങ്ങി. തലവടി പഞ്ചായത്ത് ഒൻപതാം വാർഡ് കറുകപ്പറമ്പിൽ കെ.വി. വർഗ്ഗീസിന്റെ 1500 താറാവുകളും കണ്ടംകേരിൽ സഖറിയ ഗീവർഗീസന്റെ 500 ഓളം താറാവ് കുഞ്ഞുങ്ങളുമാണ് ചത്തൊടുങ്ങിയത്.

വർഗ്ഗീസിന് 2100 വലിയ താറാവുകളും 1800 കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിൽ 1300 താറാവുകളും 200 കുഞ്ഞുങ്ങളും ചത്തു. ബുധനാഴ്ച രാത്രിയിൽ തീ​റ്റ നൽകിയശേഷം കൂട്ടിൽ കയ​റ്റി അടച്ചതാണ്. ഇന്നലെ പുലർച്ചെ തീ​റ്റയുമായി ചെന്നപ്പോഴാണ് താറാവുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വെ​റ്ററിനറി ഡോക്ടർ സ്ഥലം സന്ദർശിച്ച് താറാവുകളുടെ പോസ്​റ്റുമോർട്ടം നടത്തി. സാമ്പിൾ ശേഖരിച്ച് തിരുവല്ല മഞ്ഞാടിയിലെ വൈറോളജി ലാബിലേക്ക് അയച്ചു.
കഴിഞ്ഞ ഡിസംബറിൽ തലവടി സ്വദേശി വേഴപ്രത്ത് കുട്ടപ്പായിയുടെ ആയിരക്കണക്കിന് താറാവുകളാണ് ചത്തൊടുങ്ങിയത്. തൃശ്ശൂർ മണ്ണൂത്തി മൈക്രോ വൈറോളജി ഡിപ്പാർട്ട്‌മെന്റിൽ നിന്നെത്തിയ സംഘം ആദ്യം ഫംഗസ് രോഗബാധയാണെന്ന് പറഞ്ഞെങ്കിലും സംസ്ഥാനത്ത് പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെ പക്ഷിപ്പനി സ്ഥിതിരീകരിക്കുകയായിരുന്നു. ദിവസങ്ങളോളം തൂങ്ങിനിന്ന ശേഷമാണ് താറാവുകൾ പിടഞ്ഞു ചത്തത്. എന്നാൽ കഴിഞ്ഞ ദിവസം തലവടിയിൽ താറാവുകൾ ഇങ്ങനെയല്ല ചത്തത്. ഉൻമേഷത്തോടെ വൈകിട്ട് തീറ്റയെടുത്ത താറാവുകള പിറ്റേന്നു രാവിലെ കൂട്ടിൽ ചത്തനിലയിൽ കാണപ്പെടുകയായിരുന്നു. വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാകൂവെന്ന് വെ​റ്ററിനറി ഡോക്ടർ അറിയിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് സ്ഥലം സന്ദർശിച്ചു.