എടത്വ: സെമിത്തേരിയിൽ വെള്ളം കയറിയതിനെ തുടർന്ന്, പെന്തെക്കോസ്ത് വിശ്വാസിയുടെ സംസ്‌കാരത്തിന് കല്ലറ തുറന്നുനൽകി കത്തോലിക്ക പള്ളി അധി​കൃതർ മാതൃകയായി. കഴിഞ്ഞ ദിവസം നിര്യാതയായ ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ പരുത്തിക്കൽ പരേതനായ വർഗ്ഗീസ് മാത്തന്റെ ഭാര്യ മറിയാമ്മയുടെ (കുഞ്ഞമ്മ-65) സംസ്‌കാരമാണ് ആനപ്രമ്പാൽ തെക്ക് നിത്യസഹായ മാതാ മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ നടത്തിയത്.

പെന്തക്കോസ്ത് വിശ്വാസിയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ ബുദ്ധിമുട്ട് നേരിട്ടതോടെ കത്തോലിക്കപ്പള്ളി ഇടവക വികാരി ഫാ. തോമസ് ആലുങ്കൽ, പാരിഷ് കമ്മി​റ്റി അംഗങ്ങൾ എന്നിവർ കല്ലറ വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു.