palamel
പി.പ്രസാദ് സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞചെയ്തതിന്റെ സന്തോഷ സൂചകമായി ജന്മനാടായ പാലമേലിലെ ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിൽ പ്രസിഡന്റ് ബി.വിനോദ് ഫല വൃഷത്തൈ നടുന്നു

ചാരുംമൂട്: നാട്ടിൽ നിന്നു ആദ്യമായൊരാൾ സംസ്ഥാന മന്ത്രിയായതിന്റെ സന്തോഷം പാലമേൽ ഗ്രാമപഞ്ചായത്ത് നിവാസികൾ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് പങ്കുവച്ചു.

പാലമേൽ ഗ്രാമ പഞ്ചായത്ത് മറ്റപ്പള്ളി വാർഡിലെ താമസക്കാരനും സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ പി.പ്രസാദാണ് സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.

പി.പ്രസാദിന്റെ സൃഹൃത്തും ഇതേ വാർഡിൽ നിന്നുള്ള കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.എൻ. പ്രമോദ്നാരായണൻ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത് ഗ്രാമത്തിന് ഇരട്ടിമധുരമായി. ഇന്നലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന വൈകിട്ട് മൂന്നരയ്ക്കായിരുന്നു പഞ്ചായത്ത് ഓഫീസ് വളപ്പിലും പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലും ഇരുവരും പഠിച്ച സി.ബി.എം എച്ച്.എസ്.എസിലും അങ്കണവാടികളിലുമുൾപ്പെടെയാണ് ഫലവൃക്ഷത്തൈകൾ നട്ടത്.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം കെ.തുഷാര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.സുമ, ആർ.സുജ, നൂറനാട് സി.ഐ ഡി.ഷിബുമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ നൗഷാദ്, അസി.സെക്രട്ടറി അനിൽകുമാ , പഞ്ചായത്തംഗങ്ങൾ, ഓഫീസ് മേധാവികൾ തുടങ്ങിയവർ വിവിധ സ്ഥാപനങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.