ചാരുംമൂട്: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനായ ആളുടെ അഴുകിയ മൃതദേഹം പുറത്തെടുക്കാൻ പി.പി.ഇ കിറ്റണിഞ്ഞെത്തിയത് സി.ഐ.
പാലമേൽ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തലക്കോട്ട് വയലിൽ കെ.ഐ.പി കനാൽ മേൽപ്പാലത്തിനു കീഴെ ഷെഡ് കെട്ടി താമസിച്ചിരുന്ന മദ്ധ്യവയസ്കന്റെ മൃതദേഹമാണ് നൂറനാട് സി.ഐയും എസ്.എച്ച്.ഒ യുമായ ഡി.ഷിബുമോൻറ്റെ നേതൃത്വത്തിൽ മോർച്ചറിയിലേക്കു മാറ്റിയത്.
ഇയാളെ ഞായറാഴ്ച മുതൽ കാണുന്നില്ലെന്നും താമസ സ്ഥലത്തു നിന്ന് ദുർഗ്ഗന്ധം വമിക്കുന്നുവെന്നുമുള്ള വിവരം പഞ്ചായത്തംഗം എം.ബൈജു പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ സി.ഐ ഷിബുമോനും എസ്.ഐ അൽത്താഫുമടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മാവേലിക്കര പൊന്നാരംതോട്ടം സ്വദേശിയാണെന്ന് പറയുന്നു. നാലു വർഷത്തിലധികമായി ഇവിടെ താമസിക്കുകയായിരുന്നു.
ഷെഡ്ഡിനുള്ളിൽ ജോയ് ഐസക് എന്നു പേരെഴുതി വച്ചിട്ടുണ്ട്. മൃതദേഹം പുറത്തെടുക്കാൻ സഹായിക്കുന്നതിന് നാട്ടുകാരനായ ഒരാളെ മാത്രമാണ് കിട്ടിയത്. ഈ സാഹചര്യത്തിലാണ് സി.ഐ മുന്നോട്ടുവന്നത്. നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്കായി അടൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.ഷെഡ്ഡിൽ നിന്നു ലഭിച്ച ഫോൺ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. എസ്.സി.പി.ഒ മാരായ സന്തോഷ്,
സി.പി.ഒ മാരായ ഷെമീർ, ഷെരീഫ് എന്നിവരും മേൽ നടപടികളിൽ പങ്കെടുത്തു.