പൂച്ചാക്കൽ: സമ്പൂർണ്ണ ലോക്ക്ഡൗണായതോടെ പൂച്ചാക്കലിൽ കയർ, കൈത്തറി മേഖല പ്രതിസന്ധിയിലായി. ഇതോടെ നൂറുകണക്കിനു തൊഴിലാളികളാണ് നട്ടംതിരിയുന്നത്.
കയർ കയറ്റുമതി കുറഞ്ഞതോടെ കഴിഞ്ഞ ആറുമാസമായി കയർ ഫാക്ടറികളുടെ പ്രവർത്തനം ആഴ്ചയിൽ മൂന്നു ദിവസമായി കുറച്ചിരുന്നു. ലോക്ക്ഡൗണായതോടെ ഫാക്ടറികൾ പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്. അസംസ്കൃത സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റവും തിരിച്ചടിയാണെന്ന് ചെറുകിട കയർ ഫാക്ടറി നടത്തുന്ന ബിജുദാസ് പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, തൊഴിലാളികളുടെ എണ്ണത്തിൽ കുറവു വരുത്തി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാൻ അനുമതി വേണമെന്നാണ് ആവശ്യം.
ഈ വർഷവും സ്കൂൾ യൂണിഫോമിന് സർക്കാർ ഓർഡർ കിട്ടാത്തതു കൊണ്ട് കൈത്തറി വസ്ത്ര ഉത്പാദനം പാടെ നിലച്ചിരിക്കുകയാണ്. ഈ മേഖലയെ സംരക്ഷിക്കാൻ വേണ്ടിയാണ് സ്കൂളുകളിൽ കൈത്തറി യൂണിഫോം നിർബന്ധമാക്കിയത്. വസ്ത്രവ്യാപാര വിപണിയിലെ വില്പനക്കുറവും കൈത്തറിക്ക് തിരിച്ചടിയായി.നൂലിൻറ്റെ ലഭ്യതക്കുറവാണ് മറ്റൊരു വെല്ലുവിളി. കഴിഞ്ഞ ഒരു വർഷമായി കൃത്യമായ ജോലിയില്ലെന്ന് പൂച്ചാക്കൽ കൈത്തറി സംഘത്തിലെ തൊഴിലാളിയായ സിന്ധു ഹരികുമാർ പറയുന്നു. കൈത്തറി തൊഴിലാളികൾ പലരും മറ്റ് തൊഴിൽ മേഖലകളിലേക്ക് ചേക്കേറുകയാണ്.