ആലപ്പുഴ: നഗരത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കൊമ്മാടി,കാഞ്ഞിരംചിറ, മംഗലം,വാടക്കനാൽ,തുമ്പോളി, കൊറ്റംകുളങ്ങര വാർഡുകൾ സൂപ്പർ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. നഗരസഭ ഓഫീസിൽ കൂടിയ, ഈ വാർഡുകളിലെ കൗൺസിലർമാരുടേയും ജാഗ്രതാ സമിതി ഭാരവാഹികളുടേയും യോഗത്തിലാണ് തീരുമാനം. ഇവിടങ്ങളിൽ പൊലീസ്, റവന്യൂ,സെക്ടറൽ മജിസ്ട്രേറ്റ്, നഗരസഭ ഹെൽത്ത് സ്ക്വാഡ് എന്നിവരടങ്ങിയ താലൂക്ക് ലെവൽ മേണിറ്ററിംഗ് സ്ക്വാഡിന്റെ നിരീക്ഷണം ശക്തമാക്കും.

അതിതീവ്ര വ്യാപനമുള്ള സ്ഥലങ്ങൾ പൂർണ്ണമായി അടയ്ക്കാനും ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും എത്തിച്ചു നൽകാൻ വോളണ്ടിയർമാരെ ഏർപ്പെടുത്തും. തുറന്നു പ്രവർത്തിക്കുന്ന കടകളിൽ സാമൂഹിക അകലമടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പ്രദേശത്തെ വിവാഹം, ചരമം പോലുള്ള ചടങ്ങുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും യോഗം തീരുമാനിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്,കൗൺസിലർമാരായ മോനിഷ ശ്യാം, പി.ജി. എലിസബത്ത്, പി. റഹിയാനത്ത്, കെ.എ. ജെസിമോൾ, മനു ഉപേന്ദ്രൻ, ഡോ. ലിന്റ ഫ്രാൻസിസ്, നഗരസഭ സെക്രട്ടറി നീതുലാൽ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.