ആലപ്പുഴ: ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെയും കണ്ട് ക്ളിനിക്കിൽ നിന്നുതന്നെ മരുന്നും വാങ്ങി കൗണ്ടറിൽ പണമടയ്ക്കാൻ ചെല്ലുമ്പോൾ പതിവുകാരല്ലെങ്കിൽ ഒന്നു ഞെട്ടും; പരമാവധി 100 രൂപ! എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ രോഗികളുടെ കീശ കീറാൻ സ്വകാര്യ ആതുരമേഖലയിൽ മത്സരമാണെന്ന ആരോപണത്തിന് അപവാദമാവുകയാണ് ആലപ്പുഴ മുല്ലയ്ക്കൽ ഈരേഴയിലെ എ.എം.ജി.എം ക്ളിനിക്കും ഉടമയായ ഡോ. രാജീവ് പരമേശ്വരനും (69). 'പാവങ്ങളുടെ സ്വന്തം ഡോക്ടറെ'ന്ന് യാതൊരു അർത്ഥശങ്കയ്ക്കും ഇടമില്ലാതെ വിശേഷിപ്പിക്കാം, കൈപ്പുണ്യം കൈനിറയെ ഉള്ള രാജീവ് ഡോക്ടറെ.
1982ൽ ആണ് ക്ളിനിക്കിന്റെ തുടക്കം. 1979ൽ എം.ബി.ബി.ബി.എസ് പാസായ ശേഷം കൊല്ലത്തും മാവേലിക്കരയിലും വിവിധ ആശുപത്രികളിൽ ജോലിചെയ്തിരുന്ന, കരുനാഗപ്പള്ളി സ്വദേശിയായ രാജീവ് 1982ൽ ആലപ്പുഴയിൽ നിന്ന് വിവാഹം കഴിച്ച ശേഷം അതേവർഷം ക്ളിനിക്ക് തുടങ്ങുകയായിരുന്നു. പ്രസവം, ശസ്ത്രക്രിയ തുടങ്ങിയ 'മേജർ' കേസുകൾ ഒഴികെയുള്ളവ ഡോക്ടറുടെ കൈയിൽ ഭദ്രമെന്ന് നാടിന്റെ സാക്ഷ്യപത്രം.
ഒ.പി ടിക്കറ്റിന് പണം മുടക്കേണ്ട. ഡോക്ടറുടെ കൺസൾട്ടേഷൻ ഫീസ് 50 രൂപ മാത്രമാണ്. തുടക്കകാലത്ത് 10 രൂപയായിരുന്നു! മൂന്നു വർഷം മുമ്പാണ് 50 രൂപയാക്കിയത്. മരുന്നുകൂടി വാങ്ങിയിറങ്ങുമ്പോൾ നൂറുരൂപയിൽ കവിയാറില്ല. ഡ്രിപ്പിടുകയോ മറ്റോ വേണ്ടിവന്നാൽ ആ മരുന്നിന്റെ പണം കൂടി അടയ്ക്കേണ്ടി വരുമെന്നു മാത്രം. കുട്ടനാട്ടിൽ നിന്നൊക്കെ എത്തുന്ന പാവപ്പെട്ട തൊഴിലാളികളുടെ പക്കൽ ചിലപ്പോൾ പണം തികയാതെ വരും. അവരോട് ഒന്നും പറയേണ്ടെന്നും നിറഞ്ഞ മനസോടെ അവർ വീട്ടിലേക്കു പോകുന്നതാണ് തന്റെ സന്തോഷമെന്നുമാണ് ഡോക്ടർ ക്ളിനിക്കിലെ ജീവനക്കാരോട് പറഞ്ഞിട്ടുള്ളത്. ക്ളിനിക്ക് തുടങ്ങിയ കാലത്ത് ഡോക്ടറുടെ ചികിത്സ തേടിയിരുന്നവരുടെ മക്കൾക്കോ കൊച്ചുമക്കൾക്കോ ഒക്കെ എന്തെങ്കിലും അസുഖം വന്നാലും മറ്റാരെയും തേടി പോകാറില്ല. ദിവസം കുറഞ്ഞത് 100 പേരെങ്കിലും ചികിത്സയ്ക്ക് എത്തുന്നുണ്ട്.
തിരുനൽവേലിയിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. ആലപ്പുഴ പഴയ തിരുമല സുധാഭവനിലാണ് താമസം. വീട്ടമ്മയായ സുധയാണ് ഭാര്യ. മകൻ അനൂപ് ടെക്നോപാർക്കിൽ എൻജിനീയറാണ്. മകൾ അനില ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് സംഗീതത്തിന്റെ വഴിയിലാണ്.
രണ്ട് ഷിഫ്റ്റ്
തുടക്കത്തിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ളിനിക്ക് 1990ൽ സ്വന്തം കെട്ടിടത്തിലായി. രാവിലെ 10 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് പ്രവർത്തനം.
.........................
ഇതൊന്നു വലിയ കാര്യമല്ല. പല സ്ഥലങ്ങളിലും എത്രയോ ഡോക്ടർമാർ സൗജന്യമായി ചികിത്സിക്കുന്നു. കുട്ടനാട്ടിൽ നിന്ന് ധാരാളമായി ആളുകൾ എത്തുന്നുണ്ട്. അവർക്ക് വലിയ തുക നൽകാൻ കഴിവില്ല. വില കൂടിയ മരുന്ന് ഒന്നും ക്ലിനിക്കിൽ നിന്ന് നൽകുന്നില്ല. അത്യാവശ്യത്തിനുള്ള വരുമാനം ക്ലിനിക് തരുന്നുണ്ട്. ആദായം നേടാനുള്ള സംരംഭം അല്ലല്ലോ ആരോഗ്യമേഖല
(ഡോ.രാജീവ് പരമേശ്വരൻ)