ambala
കൈനകരി സ്വദേശികളായ ഗൗരിയമ്മയെയും മകൾ ശാന്തമ്മയെന്നും പുന്നപ്ര ശാന്തിഭവനിൽ എത്തിച്ചപ്പോൾ

അമ്പലപ്പുഴ: ഇടിഞ്ഞു വീഴാറായ വീട്ടിൽ നരകയാതന അനുഭവിച്ച വൃദ്ധയ്ക്കും മകൾക്കും പുന്നപ്ര ശാന്തിഭവൻ അഭയമേകി. കൈനകരി പഞ്ചായത്ത് 13-ാം വാർഡ് കുന്നുതറ വീട്ടിൽ ഗൗരിയമ്മ (94), മകൾ ശാന്തമ്മ (64) എന്നിവരെയാണ് ശാന്തിഭവനിലേക്കു മാറ്റിയത്.

ഇവർ താമസിച്ചിരുന്ന പ്രദേശം മുഴുവൻ വെള്ളക്കെട്ടിലായിരുന്നു. തുടർന്നു ഗ്രാമ പഞ്ചായത്തംഗം ലിനി ആന്റണിയും പാലിയേറ്റീവ് കെയർ നേഴ്സ് ബിൻസിയും ചേർന്നു ആലപ്പുഴ റെയ്ബാനിലെ താത്കാലിക സെന്ററിലെത്തിച്ചെങ്കിലും അവിടെ കൊവിഡ് രോഗികളെ താമസിപ്പിക്കാൻ തീരുമാനിച്ചതിനാൽ ഇവരെ പറഞ്ഞു വിടുകയായിരുന്നു. പിന്നീട് ആരോഗ്യ പ്രവർത്തകർ ശാന്തിഭവനുമായി ബന്ധപ്പെട്ടു. എത്രയും പെട്ടെന്നു എത്തിക്കാൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പറഞ്ഞതിനെ തുടർന്നു ഗൗരിയമ്മയെയും മകളെയും ഇന്നലെ വൈകിട്ടോടെ ശാന്തിഭവനിലെത്തിക്കുകയായിരുന്നു. ഇവരെ കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. പുന്നപ്ര ശാന്തിഭവനിൽ ഇപ്പോൾ 170 ഓളം അന്തേവാസികളാണുള്ളത്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പുറത്തുനിന്നുള്ള സഹായങ്ങൾ നിലച്ചിരിക്കുകയാണെന്ന് ബ്രദർ മാത്യം ആൽബിൻ പറഞ്ഞു.