ആലപ്പുഴ: കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വിവാഹദിനത്തിൽ നവവധു ഭക്ഷണം വിതരണം ചെയ്തു. ആലിശേരി സ്വദേശി രാജ എ.കരീമിന്റെ മകൾ സുബിരാജാണ് പിതാവിനൊപ്പമെത്തി പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണപ്പൊതി കൈമാറിയത്.
ആലപ്പുഴ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കാണ് ഭക്ഷണം നൽകിയത്. ഒപ്പം ഓരോ കവർ മാസ്കും നൽകി. പള്ളാത്തുരുത്തി സ്വദേശി കോയക്കുട്ടിയാണ് സുബിതയെ ജീവിതസഖിയാക്കിയത്. ഇന്നലെ വൈകിട്ട് 4.30നായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.