കായകുളം: തിരക്ക് വർദ്ധിച്ചതോടെ കായംകുളം താലൂക്ക് ആശുപത്രിയിലെ വാക്സിൻ വിതരണം ബഹളത്തിലും വാക്കേറ്റത്തിലും കലാശിച്ചു. കാര്യങ്ങൾ കൈവിടുമെന്ന ഘട്ടമെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചുവരുത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. വാക്സിൻ നൽകുന്ന ഇടുങ്ങിയ മുറിയിൽ ജനം തിങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണം. രാവിലെ ആരംഭിച്ച തിരക്ക് നിയന്ത്രിക്കാനുള്ള ഉദ്യോഗസ്ഥ ശ്രമം പരാജയപ്പെട്ടു. ഇവരുടെ നിർദ്ദേശങ്ങൾ വകവയ്ക്കാതെ വന്നതോടെയാണ് പൊലീസിനെ വിളിച്ചത്. പൊലീസ് എത്തിയതോടെയാണ് പ്രശ്നത്തിന് താത്കാലിക പരിഹാരമായത്. നഗരസഭ കൗൺസിലർമാർ മുഖേന വിതരണം ചെയ്ത കൂപ്പണുകളുടെ അടിസ്ഥാനത്തിൽ സമയക്രമം പാലിക്കാതെ ജനങ്ങൾ എത്തിയതാണ് പ്രശ്നമായത്.
400 ഓളം പേരാണ് വാക്സിനെടുക്കാൻ എത്തിയത്. ഇത്രയും പേരെ ഉൾക്കൊള്ളാനുള്ള സൗകര്യം ആശുപത്രിയിലെ കേന്ദ്രത്തിനില്ലായിരുന്നു. 60 വയസിനു മുകളിൽ ഉള്ളവർക്കായിരുന്നു വാക്സിനേഷൻ.